നിരന്തര പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍

പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നീക്കം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരന്തരം പരാതികള്‍ ഉയരുന്നതിന് പിന്നാലെ നിലപാട് കടുപ്പിച്ച് മുതിര്‍ന്ന നേതാക്കള്‍. അടിയന്തര യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. രാഹുലിനെ പുറത്താക്കണമെന്നും ആവശ്യപ്പെടും. പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് നീക്കം.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് കൈമാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മാതൃകാപരമായ നടപടിയാണെന്നും സിപിഐഎം ആണെങ്കില്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുലിനെതിരെ നേരത്തെ പരാതി കിട്ടിയിട്ടില്ല. ഇന്നാണ് പരാതി ലഭിച്ചത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ പെണ്‍കുട്ടി തനിക്കും പരാതി നല്‍കിയിരുന്നു. പാര്‍ട്ടിക്ക് ശക്തമായ നിലപാടുണ്ട്. പാര്‍ട്ടി ഗൗരവത്തോടെ ഇത് ചര്‍ച്ച ചെയ്യും. നേരത്തെ തീരുമാനം എടുത്തപോലെ കൂട്ടായ തീരുമാനം എടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ ആരും പ്രതിരോധിക്കാന്‍ നിന്നിട്ടില്ല. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. ഫെന്നി നൈനാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായത് അന്വേഷിക്കാമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചീത്തപ്പേരുണ്ടാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. പരാതി ഡിജിപിയ്ക്ക് അയച്ചു. കെപിസിസി പ്രസിഡന്റിനെ വിളിച്ച് അന്വേഷിച്ചു. പരാതിയില്‍ പേര് വിവരങ്ങളില്ല. നിലവില്‍ അന്വേഷിക്കുന്ന അതേ വിഷയമാണ് പരാതി രൂപത്തില്‍ കിട്ടിയത്. അതിജീവിത എന്ന നിലയില്‍ പാര്‍ട്ടിക്ക് ചെയ്യാവുന്ന കാര്യം ചെയ്തു. അന്വേഷണത്തിന് പൊലീസുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.

Content Highlights:

To advertise here,contact us