തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിവ് ജീവിതം തിരിച്ചടിയാകുമെന്ന് കോൺഗ്രസിൽ പൊതുവികാരം. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ പൊലീസിന് മുന്നിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കളടക്കം കരുതുന്നത്.
അറസ്റ്റ് വൈകുന്നത് അനാവശ്യ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നതെന്നും രാഹുലിന്റെ ഒളിവ് ജീവിതം തിരിച്ചടിയാകുമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദം പ്രവർത്തകരുടെ ആത്മവിശ്വാസം ചോർത്തുമെന്ന ആശങ്കയും ഇതിനകം നേതാക്കൾക്കിടയിലുണ്ട്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായി. നിലവിൽ പാർട്ടിയെ കൂടി വലിച്ചിഴക്കും വിധം ഉയരുന്ന ചർച്ചകൾ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതോടെ അവസാനിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന സൂചന പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പാലക്കാട്നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് വിവരം. ആദ്യം പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും പൊള്ളാച്ചിയിൽ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും എസ്ഐടിക്ക് വിവരം ലഭിച്ചു. രാഹുൽ ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നാണ് എസ്ഐടിക്ക് ലഭിച്ച വിവരം.
Content Highlights: Rahul Mamkootathil hiding will backfire Congress