'ജ്യൂസ് കൊടുത്തു, കഴിച്ചില്ല; രാഹുൽ ഈശ്വർ ഇപ്പോഴും നിരാഹാരത്തിൽ'; ദീപ രാഹുൽ ഈശ്വർ

രാഹുലിന്റെ അറസ്റ്റിൽ പൊലീസിനെതിരെയും ദീപ രംഗത്തെത്തി

തിരുവനന്തപുരം: നിരാഹാര സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് രാഹുൽ ഈശ്വറിന്റെ തീരുമാനമെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. ജ്യൂസ് കൊടുത്തപ്പോൾ രാഹുൽ കഴിച്ചില്ലെന്നും ഇപ്പോഴും അദ്ദേഹം നിരാഹാരത്തിൽ തന്നെയാണ് എന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യം നിരസിച്ചപ്പോൾ ഉണ്ടായ വിഷമം മൂലവും സത്യം വിളിച്ചുപറഞ്ഞതിന് ജയിലിൽ കിടക്കാനിടയായതിലുള്ള പ്രതിഷേധവുമാണ് രാഹുലിനെ നിരാഹാരത്തിന് പ്രേരിപ്പിച്ചത് എന്ന് ദീപ കൂട്ടിച്ചേർത്തു.

രാഹുലിന്റെ അറസ്റ്റിൽ പൊലീസിനെതിരെയും ദീപ രംഗത്തെത്തി. നോട്ടീസ് തരാതെയാണ് പൊലീസ് വന്നത് എന്നും ആദ്യം അറസ്റ്റ് നടക്കട്ടെ പിന്നീട് കുറ്റം ചേർക്കാം എന്നതായിരുന്നു രീതിയെന്നും ദീപ പറഞ്ഞു. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് ആലോചനയിലാണെന്നും ദീപ കൂട്ടിച്ചേർത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വറിന് കഴിഞ്ഞ ദിവസം ജാമ്യം നിഷേധിച്ചിരുന്നു. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ ജയിലിലേക്കയച്ചത്.

രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടർന്ന് രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കുറ്റം നിസാരമായി കാണാനാകില്ലെന്നും ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട് എന്നും പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നുമാണ് കോടതി വിലയിരുത്തിയത്.

രാഹുല്‍ ഈശ്വര്‍ ഒരു ഘട്ടത്തില്‍ പോലും യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. രാഹുലിന്റെ വീഡിയോയില്‍ അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

നവംബർ 30നാണ് അതിജീവിതയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും രാഹുലിനെ അറസ്റ്റ് ചെയ്തത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

Content Highlights: rahul easwar on fast, didnt drink juice, says deepa rahul easwar

To advertise here,contact us