ഏത് ഒളിസങ്കേതത്തിൽ നിന്നാണെങ്കിലും രാഹുലിനെ പിടികൂടും; അതിനുള്ള തന്റേടം കേരള പൊലീസിനുണ്ട്: വി ശിവൻകുട്ടി

അരമണിക്കൂറോ ഒരു മണിക്കൂറോ വൈകിയാലും രാഹുലിനെ പിടികൂടുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറച്ച് വൈകിയാലും പിടികൂടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഏത് ഒളിവ് സങ്കേതത്തില്‍ നിന്നാണെങ്കിലും രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തന്റേടമുള്ളവരാണ് കേരള പൊലീസെന്നും അരമണിക്കൂറോ ഒരു മണിക്കൂറോ വൈകിയാലും രാഹുലിനെ പിടികൂടുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

'ഇത്രയും കോലാഹലം ഉണ്ടാക്കി നിരവധി പെണ്‍കുട്ടികളുടെ ജീവിതം തകര്‍ത്തയാള്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ പേടിച്ചോടുന്നത്. അത്രയും ഭയമുള്ളയാളാണ് അയാളെങ്കില്‍ എന്തിനാണ് ഇതിനെല്ലാം പോയത്. രാഹുലിന് യാതൊരു ചങ്കുറപ്പുമില്ല. ഇപ്പോള്‍ അയാള്‍ കിടുകിടാ വിറയ്ക്കുകയാണ്. അന്വേഷണം നടത്തിയാല്‍ ജയിലിടിഞ്ഞാല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത നിലയിലുള്ള ശിക്ഷ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് ആദ്യം ചെയ്യേണ്ടത് ഇത്തരത്തിലുള്ളവരെ ഇനി വെച്ചോണ്ടിരിക്കില്ലെന്ന തീരുമാനം എടുക്കുക എന്നതാണ്. മനസാക്ഷിയുള്ളവര്‍ക്ക് സഹിക്കുന്ന സംഭാഷണമാണോ ആ ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കുന്നത്. അങ്ങനെയുള്ള ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നത് കെപിസിസിയുടെ മുന്‍ പ്രസിഡന്റാണ്. കോണ്‍ഗ്രസ് എവിടെയാണ് എത്തിനില്‍ക്കുന്നത് ഒന്ന് ആലോചിച്ച് നോക്കൂ', മന്ത്രി പറഞ്ഞു.

അതേസമയം, രാഹുല്‍ ഈശ്വറിന് ജയില്‍ വാസം നിമിത്തം പോലെ ലഭിച്ചതാണെന്നും മന്ത്രി പരിഹസിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ താന്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്ന് ഇനി രാഹുലിന് എപ്പാോഴെങ്കിലും പറയാമല്ലോയെന്നും മന്ത്രി പറഞ്ഞു. എന്നാൽ എന്തിന് ജയിലിൽ കിടന്നു എന്ന് ചോദിച്ചാൽ നല്ലൊരു മറുപടി ഉണ്ടാകില്ല. കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പറ്റി എന്താണ് രാഹുൽ ധരിച്ചിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു. ടെലിവിഷന്‍ ഷോയില്‍ വന്ന് തോന്നിയത് പറഞ്ഞിട്ട് പോവുകയാണ് രാഹുൽ. അതിന്റെ ഭാഗമായാണ് അയാള്‍ ഇപ്പോള്‍ ജയിൽവാസം അനുഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Content Highlights- 'Kerala Police will arrest Rahul from any hiding place'; V Sivankutty

To advertise here,contact us