കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ശേഷിക്കുന്ന ജോലികൾ ഈ മാസം 20നകം പൂർത്തിയാക്കുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അറിയിച്ചു. ഇതിന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷെഡ്യൂൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വർക്കുകൾ പൂർത്തിയാക്കാൻ കമ്പനിക്ക് അനുമതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
പാർക്കിങ് ഗ്രൗണ്ട് ടാറിങ്, ചുറ്റുമതിൽ നിർമാണം, ശുചിമുറി സമുച്ചയങ്ങളിലെ ഫിറ്റിങ്സ് സ്ഥാപിക്കൽ, ട്രീ ഗാർഡുകളിൽ ഗ്രാനൈറ്റ് പതിക്കൽ, പ്രവേശന കവാടത്തിന്റെ ക്ലാഡിങ് ജോലികൾ, ഫ്ളഡ് ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്.
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി കലൂർ സ്റ്റേഡിയം നവീകരണത്തിന് നവംബർ 26നാണ് തുടക്കം കുറിച്ചത്. നവീകരണത്തിനായി ജിസിഡിഎ സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷനും അവരിൽനിന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും കൈമാറി. ടർഫിന്റെ നവീകരണം, നിലവിലെ സീറ്റുകളുടെ നവീകരണം, സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന്റെ നിർമാണം, പാർക്കിങ് ഏരിയയുടെ പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിർമാണം, സ്റ്റേഡിയത്തിന് അകത്തുള്ള ശുചിമുറികൾ, ഫാൾസ് സീലിങ്, വിഐപി എൻട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെ നവീകരണം, ഫ്ളഡ് ലൈറ്റിലെ എംഎച്ച് ലൈറ്റ് മാറ്റി എൽഇഡി ലൈറ്റ്സ് ആക്കുക, 750 കെവി എജനറേറ്റൽ പ്രവർത്തനക്ഷമമാക്കുക, ലിഫ്റ്റുകളുടെ മെയിന്റനൻസ് എന്നിവയായിരുന്നു കരാറുകാർ നിർവഹിക്കേണ്ടിയിരുന്ന ജോലികളെന്ന്
ചന്ദ്രൻപിള്ള അറിയിച്ചു.
ഇതിൽ ടർഫിന്റെ നവീകരണം അന്താരാഷ്ട്ര നിലവാരത്തിൽ പൂർത്തിയായി. സ്റ്റേഡിയത്തിന്റെ താഴെ നിരയിലുള്ള എല്ലാ കസേരകളും മാറ്റി പുതിയ ചെയറുകൾ സ്ഥാപിച്ചു. പുതിയ എച്ച്ഡിപിഇ ചെയറുകൾ വിഐപി ഏരിയയിൽ പ്രത്യേകമായി സ്ഥാപിച്ചു. സ്റ്റേഡിയത്തിലെ 4 ബി ടോയ്ലറ്റ് ബ്ലോക്കുകളിൽ മെഡിക്കൽ റൂം, ഹോം ടീം റൂം, എവേ ടീം റൂം, വിഐപി ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ ടൈൽ പ്രവർത്തികൾ പൂർത്തീകരിച്ചു. 1492 മീറ്റർ നീളം വരുന്ന ചുറ്റുമതിലിൽ പാർക്കിങ് ഗ്രൗണ്ടിൽ കിവക്കുവശത്ത് 348 മീറ്റർ നീളത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്ത് 299 മീറ്റർ നീളത്തിൽ 2.70 മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ നിർമിച്ചിട്ടുണ്ട്. ഇതിനോടകം 647 മീറ്റർ നീളത്തിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ അതിർത്തിയിൽ നിന്നിരുന്ന പാഴ്മരങ്ങൾ മുറിക്കുന്നതുമായി ഉയർന്ന തർക്കം അതിർത്തി സംബന്ധിച്ച ചില തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മറ്റു തടസങ്ങളും ചുറ്റുമതിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് തടസമായി.
സ്റ്റേഡിയം റോഡിന്റെ പ്രവേശന പാതയുടെ കിഴക്കുവശത്ത് 200 മീറ്റർ, പടിഞ്ഞാറ് വശത്ത് 310 മീറ്റർ ഉൾമതിൽ നിർമാണം പൂർത്തിയാക്കി. ഡ്രൈനേജ് ലൈനുകൾ പൂർണമായി വൃത്തിയാക്കി. പ്രവേശന പാതയ്ക്ക് ഇരുവശമുള്ള മരങ്ങൾക്ക് ചുറ്റും അടിത്തറ കെട്ടി. 35 ട്രീ ഗാർഡുകളുടെ കൽപ്പണികൾ പൂർത്തിയാക്കി. പാർക്കിങ് ഗ്രൗണ്ടിലെ ജിഎസ്ബി വിരിയിക്കുന്ന ജോലികൾ ചില തർക്കപ്രദേശങ്ങളൊഴികെ പൂർത്തിയായി. ജെഎൽഎൻ മെട്രോ സ്റ്റേഷനു സമീപം നിർമ്മിക്കുന്ന പ്രധാന പ്രവേശന കവാടത്തിന്റെ പണികൾ പൂർത്തീകരണ ഘട്ടത്തിലാണ്. സ്റ്റേഡിയം കെട്ടിത്തിലേക്കുള്ള എൻട്രൻസ് ലോബിയുടെ ഭാഗം മുൻവശം ക്ലാഡിങുകൾ സ്ഥാപിച്ചും ഉൾവശം നിലത്ത് പുതിയ ടൈലുകൾ സ്ഥാപിച്ചും ഗ്ലാസ് പാനൽസ്, ഫാൾസ് സീലിങ് മുതലായവ ചെയ്തും മോടി പിടിപ്പിച്ചു. സ്റ്റേഡിയത്തിന്റെ ഉൾവശം പുതുതായി പെയിന്റ് ചെയ്തു. ഈ പ്രവർത്തിക്ക് അഞ്ചു വർഷത്തെ വാറന്റിയും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ് കമ്പനി ഉറപ്പു നൽകി. സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റ് ടവറുകളുടെ നാല് സ്റ്റീൽ ഫ്രയിമുകളുടെ നവീകരണജോലികളും നടന്നുവരികയാണെന്ന് ചന്ദ്രൻപിള്ള അറിയിച്ചു.
സ്റ്റേഡിയം നവീകരണം പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജിസിഡിഎയുടെ വിശദീകരണം-പൂര്ണ്ണരൂപം
'കേരള സർക്കാർ, വേൾഡ് കപ്പ് വിജയികളായ അർജന്റീന ഫുട്ബോൾ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് ക്ഷണിക്കുകയും മത്സരം സംഘടിപ്പിക്കാൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് (RBC) അനുമതി നൽകുകയും സ്പെഷ്യൽ പർപ്പസ് വെഹിക്കളായി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആയതി൯ പ്രകാരം 26.09.2025 മുതൽ 30.11.2025 വരെയുള്ള കാലയളവിലേക്ക് “as is where is” വ്യവസ്ഥയിൽ സ്റ്റേഡിയം ജിസിഡിഎയിൽ നിന്നും സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുക്കുകയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന് കൈമാറുകയും ചെയ്യുകയും ചെയ്തിരുന്നു. ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ സുഗമമായ നടത്തിപ്പിനും, ഏകോപനത്തിനുമായി ടെക്നിക്കൽ കോഡിനേഷൻ കമ്മിറ്റിയും (TCC ) മോണിറ്ററിംഗ് കമ്മിറ്റിയും (MC)സർക്കാർ രൂപീകരിക്കുകയുണ്ടായി. കൂടാതെ വിവിധ വകുപ്പുകളുടെ എകോപനത്തിനായി ജില്ലാ കളക്ടർ അധ്യക്ഷനായി ജില്ലാ തല കമ്മിറ്റിയും ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന തല കമ്മിറ്റിയും രൂപീകരിച്ചു സർക്കാർ ഉത്തരവായിരുന്നു. 26.09.2025 മുതൽ തന്നെ മത്സരത്തോടനുബന്ധിച്ചുള്ള സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചിരുന്നു.
ടർഫിന്റെ നവീകരണം, നിലവിലെ സീറ്റുകളുടെ നവീകരണം സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിന്റെ നിർമ്മാണം, പാർക്കിംഗ് പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിർമ്മാണം, സ്റ്റേഡിയത്തിന്റെ അകത്തുള്ള ടോയ്ലറ്റുകൾ, ഫാൾ സീലിംഗ്, വിഐപി എൻട്രി, പ്ലെയേഴ്സ് റൂം ഇവയുടെ നവീകരണം, ഫ്ലഡ് ലൈറ്റിലെ MH ലൈറ്റ് മാറ്റി LED ലൈറ്റ്സ് ആക്കുക, 750 KVA ജനറേറ്റർ പ്രവർത്തനക്ഷമമാക്കുക, ലിഫ്റ്റുകളുടെ മെയിന്റനൻസ് എന്നിവയായിരുന്നു പ്രവർത്തികൾ.
പ്രവർത്തികൾ വേഗത്തിലാക്കാനും, ഏകോപിപ്പിക്കാനും സർക്കാരിന്റെ ഭാഗത്ത് നിന്നും, സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ഭാഗത്ത് നിന്നും, GCDA യുടെ ഭാഗത്ത് നിന്നും, RBC യുടെ ഭാഗത്തുനിന്നും സാധ്യമായ എല്ലാവിധ ഇടപെടലും നടത്തി. ദ്രുതഗതിയിൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വന്ന വേളയിലാണ് കളി മാറ്റി വയ്ക്കേണ്ട സാഹചര്യം സംജാതമായത്. എന്നിരുന്നാലും തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ തുടർന്നും പ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകുവാൻ RBC യ്ക്ക് അനുവാദം നൽകുകയും ചെയ്തു. കൂടാതെ GCDA യുടെയും SKF ന്റെയും എഞ്ചിനീയറിംഗ് വിഭാഗം പ്രവർത്തികളുടെ ഗുണ നിലവാരം ഉറപ്പാക്കി ക്വാണ്ടിറ്റി അസസ്മെന്റ് നടത്തുകയും സർക്കാർ ഉത്തരവ് പ്രകാരം ഉള്ള TCC ദിനം പ്രതി എന്ന നിലയിലും MCC കൃത്യമായ ഇടവേളകളിലും മീറ്റിംഗ് കൂടുകയും, ചെയ്യുന്ന പ്രവർത്തികൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന തല സമിതിയും കളക്ടർ അധ്യക്ഷനായ ജില്ലാ തല സമിതിയും യോഗം ചേർന്ന് വിവിധ വകുപ്പുകൾക്കിടയിൽ ആവശ്യമായ ഏകോപനം നടത്തിയിരുന്നു. പ്രസ്തുത യോഗങ്ങളിൽ പ്രവർത്തികൾ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തി ദ്രുതഗതിയിൽ തീർക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. നിലവിൽ താഴെ പ്രവർത്തികൾ ഇതിനോടകം പൂർത്തീകരിച്ചിട്ടുള്ളതാണ്.
1. Field of play യിലെ ടർഫ് അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചു.
2. സ്റ്റേഡിയം Lower Tier ൽ വരുന്ന ചെയറുകൾ എല്ലാം മാറ്റി പുതിയ ചെയറുകൾ സ്ഥാപിച്ചു. കൂടാതെ പുതിയ HDPE ചെയറുകൾ VIP ഏരിയയിൽ പ്രത്യേകമായി സ്ഥാപിച്ചു.
3. സ്റ്റേഡിയത്തിലെ 4B Toilet ബ്ലോക്കുകളിൽ Medical Room (7) , Home Team Room (17) Away Team Room (Room No 13) ഒന്നാം നിലയിലെ VIP Ladies Toilet Block, രണ്ടാം നിലയിലെ VVIP (Ladies & Gents) Toilet Block എന്നിവയുടെ Tiles പ്രവർത്തികൾ പൂർത്തീകരിച്ചു. റൂം നമ്പർ 4 ന് സമീപമുള്ള ടോയ്ലറ്റിന്റെയും ഒന്നാം നിലയിലെ VIP Gents Toilet ന്റെയും ടൈൽ പ്രവർത്തികൾ 90% പൂർത്തിയാക്കി.
4. 1492 മീറ്റർ നീളം വരുന്ന ചുറ്റുമതിലിൽ പാർക്കിംഗ് ഗ്രൗണ്ടിൽ കിഴക്കുവശത്ത് ബിസ്മി ഭാഗത്തായി 348 മീറ്റർ നീളത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിട്ടുള്ളതാണ്. പടിഞ്ഞാറുഭാഗത്ത് 299 മീറ്റർ നീളത്തിൽ 2.70 മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്. ഇതിനോടകം 647 മീറ്റർ നീളത്തിൽ നീളത്തിലെ ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായിട്ടുള്ളതാണ്. അതിർത്തിയിൽ നിന്നിരുന്ന പാഴ് മരങ്ങൾ മുറിക്കുന്നതുമായി ഉയർന്ന തർക്കങ്ങളും അതിർത്തി സംബന്ധിച്ച ചില തർക്കങ്ങളും കോടതി വ്യവഹാരങ്ങളും മറ്റു തടസ്സങ്ങളും ചുറ്റുമതിൽ നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് തടസ്സമായി.
5. സ്റ്റേഡിയം റോഡിന്റെ പ്രവേശന പാതയുടെ കിഴക്ക് വശത്തായി 200 മീറ്റർ, പടിഞ്ഞാറ് വശത്ത് 310 മീറ്റർ - ഇത്തരത്തിൽ ഉൾമതിൽ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്.
6. ഡ്രൈനേജ് ലൈനുകൾ പൂർണ്ണമായി വൃത്തിയാക്കി
7. പ്രവേശന പാതയ്ക്ക് ഇരുവശവുമുള്ള മരങ്ങൾക്ക് ചുറ്റുമായി അടിത്തറ കെട്ടി സംരക്ഷിക്കുന്നതിനും പൊതുജനത്തിന് വിശ്രമത്തിനായി ഇരിപ്പിടസൗകര്യം ഒരുക്കിക്കൊണ്ടു നിർമ്മിച്ചുവരുന്ന Tree Guards 35 എണ്ണം കൽപ്പണികൾ പൂർത്തിയാക്കി.
8. പാർക്കിങ് ഗ്രൗണ്ടിന്റെ GSB (Granular Sub-Base) വിരിയിക്കുന്ന ജോലികൾ ചില തർക്ക പ്രദേശങ്ങളൊഴികെ പൂർത്തിയായി
9. JLN മെട്രോ സ്റ്റേഷനു സമീപം നിർമ്മിക്കുന്ന പ്രധാന പ്രവേശന കവാടത്തിന്റെ പണികളും പൂർത്തീകരണ ഘട്ടത്തിൽ ആണ്
10. സ്റ്റേഡിയം കെട്ടിടത്തിലേക്കുള്ള എൻട്രൻസ് ലോബിയുടെ ഭാഗം മുൻവശം Cladding കൾ സ്ഥാപിച്ചും ഉൾവശം നിലത്ത് പുതിയ ടൈലുകൾ സ്ഥാപിച്ചും Glass Panels, False Ceilings മുതലായവ ചെയ്തും മോടി പിടിപ്പിച്ചിട്ടുണ്ട്.
11. സ്റ്റേഡിയത്തിന്റെ ഉൾവശം ആകർഷകമാക്കുന്നതിനും കൂടുതൽ ഭംഗിയ്ക്കും വേണ്ടി പുതുതായി പെയിന്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഈ പ്രവർത്തിക്ക് അഞ്ചുവർഷത്തെ Defects Liability Period(DLP) വാറന്റി, RBC ഉറപ്പു നൽകിയിട്ടുണ്ട്.
12. സ്റ്റേഡിയത്തിലെ Flood Light ടവറുകളുടെ 4 സ്റ്റീൽ ഫ്രയിമുകളുടെ maintenance നടത്തി. നിലവിൽ ഉണ്ടായിരുന്ന Metal Halide ലൈറ്റുകൾ മാറ്റി കൂടുതൽ വെളിച്ചമുള്ള LED ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി ടവറുകൾ സജ്ജമാക്കി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഫ്രയിമുകൾ തുരുമ്പ് തീർത്ത് പുതുക്കുന്നതിന് GCDA നേരിട്ട് ടെണ്ടർ നൽകിയിരുന്നു. ഈ ജോലി പൂർത്തിയാക്കുവാൻ വൈകിയത് ഫ്ലഡ് ലൈറ്റുകൾ LED ആക്കുന്ന ജോലി വൈകുന്നതിന് കാരണമായി. ഈ ഫ്രയിമിൽ ലൈറ്റുകൾ ഫിറ്റ് ചെയ്യുന്നതിനുള്ള ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ജോലി പൂർത്തിയാവുന്നതോടു കൂടി 2500 ലക്സിൽ നിന്നും സ്റ്റേഡിയത്തിന്റെ പ്രകാശ സംവിധാനം അന്താരാഷ്ട്ര മത്സരങ്ങൾക്കാവശ്യമായ 3000 ലക്സിലേയ്ക്ക് ഹൈ ഡഫനിഷൻ (HD 4K) നിലവാരത്തിൽ ഉയരും. വൈദ്യുതി ചിലവും കുറയും
13. എർത്തിംഗ് പിറ്റുകൾ അധികമായി സ്ഥാപിച്ച് എർത്തിംഗ് സംവിധാനം മെച്ചപ്പെടുത്തി.
സ്റ്റേഡിയവും പരിസരവും 30.11.2025 വരെയാണ് പ്രവർത്തനങ്ങൾക്കായി സ്പോർട്ട്സ് കേരള ഫൗണ്ടേഷനും തുടർന്ന് RBC യ്ക്കും കൈമാറിയിരുന്നത്. 28.112025 തീയതിയിൽ തന്നെ നിലവിൽ പൂർത്തീകരിച്ച ജോലികളുടെ കണക്കുകൾ രേഖപ്പെടുത്തികൊണ്ട് GCDA സ്റ്റേഡിയം തിരികെ ഏറ്റെടുത്തു. ബഹു GCDA ചെയർമാൻ ശ്രീ കെ ചന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് സ്റ്റേഡിയം തിരികെ എടുക്കുവാൻ തീരുമാനിച്ചത്.
എന്നാൽ ചില ജോലികൾ പൂർത്തിയാകുവാനുണ്ട്. ഇതിനായി RBC ഒരു ഷെഡ്യൂൾ നൽകിയിട്ടുണ്ട്. ഇത് പ്രകാരം ഡിസംബർ 20 എല്ലാ ജോലികളും പൂർത്തിയാകും. അത് വരെ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന ജോലികൾ ചെയ്യുവാൻ RBC യ്ക്ക് അനുവാദം നൽകി. ജോലികൾ ചുവടെ ചേർക്കുന്നു
1. 845 മീറ്റർ നീളത്തിൽ കോമ്പൗണ്ട് പ്രവർത്തികളും പ്ലാസ്റ്ററിംഗ് പ്രവർത്തികളും പൂർത്തിയാക്കേണ്ടതുണ്ട്.
2. മതിൽ ജോലികൾ പൂർത്തിയായതിനു ശേഷം മാത്രമേ പാർക്കിംഗ് ഗ്രൗണ്ട് ടാറിങ് ജോലികൾ ഏറ്റെടുക്കുവാൻ സാധിയ്ക്കുകയുള്ളൂ എന്ന് RBC അറിയിച്ചിട്ടുണ്ട്
3. പൂർണമായി നവീകരിക്കുന്ന ടോയ്ലറ്റ് ബ്ലോക്കുകളിലെ സാനിറ്ററി ഫിറ്റിംഗ്സ് സ്ഥാപിക്കുന്ന പ്രവർത്തികൾ പൂർത്തിയാക്കേണ്ടതുണ്ട്.
4. Tree Guard കളിൽ ഗ്രാനൈറ്റ്, സ്ലാബ് പതിപ്പിക്കൽ, പ്ലാസ്റ്റിക് പെയിന്റിംഗ്പ, ടൈൽ സ്ഥാപിക്കലും ചെയ്യേണ്ടതുണ്ട്.
5. JNIS മെട്രോ സ്റ്റേഷനു സമീപം നിർമ്മിക്കുന്ന പ്രധാന പ്രവേശാ കവാടത്തിന്റെ cladding പ്രവർത്തികൾ പൂർത്തിയാക്കേണ്ടതുണ്ട്.
6. സ്റ്റേഡിയത്തിലെ Flood Light ൽ LED ബൾബുകൾ ഘടിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യേണ്ടതുണ്ട്. ആയതിനു വേണ്ട 292 LED ബൾബുകൾ വാങ്ങി സ്റ്റേഡിയത്തിൽ സൂക്ഷിച്ചിട്ടുള്ളതാണ്.
ബാക്കിയുള്ള നിർമ്മാണ ജോലികളും കൂടി ഡിസംബർ 20 നു പൂർത്തിയാവുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നാവും നമ്മുടെ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയം. മികച്ച അടിസ്ഥാന സൗകര്യങ്ങളും ആധുനികമായ പിച്ചും - ഏത് അന്താരാഷ്ര ഫുട്ബോൾ മത്സരത്തെയും കൊച്ചിയിലേക്ക് ആകർഷിക്കുവാൻ നമുക്ക് സാധിയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.'
Content Highlights : GCDA says remaining work at Kaloor Stadium to be completed by 20th of this month