തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരായി മറ്റൊരു യുവതി നല്കിയ പീഡനാരോപണ പരാതി നിഷേധിച്ച് സുഹൃത്തും കോണ്ഗ്രസ് പ്രവര്ത്തകനുമായ ഫെന്നി നൈനാന്. ആരോപണം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫെന്നി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു ഹോംസ്റ്റേയിലെത്തിച്ചാണ് രാഹുല് തന്നെ പീഡിപ്പിച്ചതെന്നും ഒപ്പം ഫെനി നൈനാനെന്ന സുഹൃത്ത് ഉണ്ടായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു. ഇത് നിഷേധിച്ച ഫെന്നി
രാഹുല് മാങ്കൂട്ടത്തില് വിഷയത്തില് തെരഞ്ഞെടുപ്പ് അടുക്കുമ്പോള് ഇനിയും ഇത്തരം ആരോപണങ്ങള് വരുമെന്ന് അറിയാമായിരുന്നുവെന്നും കൂട്ടിച്ചേര്ത്തു. എന്നാല് ഇത്രയും ക്രൂരമായ രീതിയില് അതുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ഫെന്നി നൈനാന് പറഞ്ഞു.
പരാതിക്കാരിയെ അറിയില്ല. പക്ഷേ, ഇത്തരത്തില് ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് തനിക്ക് പരിപൂര്ണമായ ബോധ്യമുണ്ട്. പരാതിയില് എഴുതിപിടിപ്പിച്ചിരിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്നും ഫെന്നി പ്രതികരിച്ചു.
'എന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ആരോപണം വന്നിരിക്കുന്നത്. ഞാന് മനസുകൊണ്ടുപോലും അറിയാത്ത ആരോപണമാണ് ഇപ്പോള് എനിക്കെതിരെ ഉയര്ന്നിരിക്കുന്നത്. ഇതിനുമുമ്പും പലവിധമായ ആരോപണങ്ങള് എന്റെ പേരില് എഴുതി മാധ്യമങ്ങളിലൂടെയും മറ്റും അപമാനിക്കാന് ശ്രമിച്ചിട്ടുണ്ട്. എന്നാല്, ആരോപണങ്ങള്ക്ക് ശേഷം ഒരു പരാതിയിലെങ്കിലും ഒരു തെളിവെങ്കിലും പുറത്തുവിടാന് ഇവര്ക്ക് കഴിഞ്ഞിട്ടുണ്ടോ?. മനസാക്ഷി ഒരു തരിമ്പെങ്കിലും ഉണ്ടായിരുന്നുവെങ്കില് ആ സ്ത്രീ അത്തരത്തില് ഒരു പരാതി എഴുതില്ലായിരുന്നു', ഫെന്നി കൂട്ടിച്ചേര്ത്തു.
എന്തടിസ്ഥാനത്തിലാണ് അവര് ഇത്തരം പച്ചക്കള്ളങ്ങള് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഫെന്നി ചോദിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതി നല്കിയ വ്യക്തിക്കും വാര്ത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെനി നൈനാന് വ്യക്തമാക്കി.
Content Highlights: fenni ninan says complaint against rahul mamkootathil is fake