രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതി ഗൗരവമുള്ളത്; ഓരോരുത്തരും സ്വയം പരിശോധിക്കണം: ചാണ്ടി ഉമ്മന്‍

'രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതാണ്. ഇതില്‍ കൂടുതല്‍ ഒരു പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ സാധിക്കും'

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഗൗരവമുള്ളതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പരാതി ഗൗരവത്തിലെടുത്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം വേണം. തെറ്റ് ചെയ്ത ആരും രക്ഷപ്പെടില്ല. നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

രാഹുലിനെതിരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതാണ്. പരാതി വന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചതാണ്. ഇതില്‍ കൂടുതല്‍ ഒരു പാര്‍ട്ടിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പാലക്കാട് പ്രാദേശികമായി അല്ലാതെ രാഹുല്‍ മറ്റെവിടെയും പ്രചാരണത്തില്‍ പങ്കെടുത്തിട്ടില്ല. ഒരിടത്ത് പരിപാടിയില്‍ പങ്കെടുത്തു എന്ന് കരുതി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അതാണെന്ന് വ്യാഖ്യാനിക്കരുതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വിഷയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. രാഹുലിനെതിരായ പുതിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മനുഷ്യ ബന്ധങ്ങള്‍ക്ക് ഭാവനമായ തലങ്ങളുണ്ട്. ആണ്‍-പെണ്‍ ബന്ധങ്ങള്‍ക്കും അത് വേണം. ചെറുപ്പക്കാരായ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തിനെ വാഴ്ത്തുകയാണ്. ഗാന്ധിയന്‍-നെഹ്‌റുവിയന്‍ ആശയം കോണ്‍ഗ്രസ് മറന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെയ്ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക കുറ്റവാളിയെന്നായിരുന്നു ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണം ഭയന്നാണ് പലരും രാഹുലിനെതിരെ പരാതി പറയാന്‍ മടിക്കുന്നത്. ഇനിയെങ്കിലും കോണ്‍ഗ്രസ് രാഹുലിനെതിരെ നടപടിയെടുക്കണം. എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണം. രാഹുല്‍ കേരളത്തിലെ സ്ത്രീ സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ്. രാഹുല്‍ വിഷയം സിപിഐഎം തെരഞ്ഞെടുപ്പ് വിഷയമായി മാത്രമാണ് കാണുന്നത്. എത്രയും വേഗം പൊലീസ് ഈ ലൈംഗിക കുറ്റവാളിയെ അറസ്റ്റ് ചെയ്യണം. അറസ്റ്റ് ഉടന്‍ ഉണ്ടായില്ലെങ്കില്‍ ബിജെപി സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും സി കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- Chandy Oommen on complaint against rahul mamkootathil

To advertise here,contact us