രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചപ്പോൾ അതിജീവിത ജീവനൊടുക്കാൻ ശ്രമിച്ചു; നിർണായക ചികിത്സാ രേഖകൾ റിപ്പോർട്ടറിന്

രാഹുല്‍ മാങ്കൂട്ടത്തില്‍ കൈവിട്ടതോടെയാണ് അതിജീവിത ജീവനൊടുക്കാന്‍ ശ്രമിച്ചത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിത മുമ്പ് രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതുസംബന്ധിച്ച നിര്‍ണായക ചികിത്സാ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.രാഹുല്‍ മാങ്കൂട്ടത്തില്‍ കൈവിട്ടതോടെയാണ് അതിജീവിത ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കടുത്ത ഭീഷണിക്ക് പിന്നാലെയായിരുന്നു ജീവനൊടുക്കാന്‍ ശ്രമം. അമിതമായി മരുന്ന് കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ഒരാഴ്ചക്കാലമാണ് യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഒരുതവണ കൈ ഞരമ്പ് മുറിക്കാനും അതിജീവിത ശ്രമിച്ചു.

ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് ആദ്യം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗര്‍ഭഛിദ്രത്തിന് പിന്നാലെയും യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭീഷണിയും സമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാശ്രമമെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചില്ല. യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്‌മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് എസ്‌ഐടിയുടെ സംശയം. ഇക്കാര്യം വിശദമായി പരിശോധിക്കാൻ കെയർടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും.

രാഹുലിന്റെ ഫ്‌ളാറ്റിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ഒളിവിൽ കഴിയുന്ന രാഹുലിന്റെ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ് എസ്‌ഐടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ പാലക്കാട് ടവർ ലൊക്കേഷൻ കാണിച്ചിരുന്നു. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുകയാണ്. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലിന്റെയും അതിജീവിതയുടെയും തന്നെയാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഡബ്ബിംഗ്, എഐ സാധ്യതകള്‍ എസ്‌ഐടി പൂര്‍ണമായും തളളി. ബാക്കിയുളള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടക്കുന്നത്.

Content Highlights: When Rahul mamkootathil forced her to have an abortion she tried to end her life

To advertise here,contact us