ശബരിമല സ്വര്‍ണക്കൊളള കേസ്: വീണ്ടും തന്ത്രിമാരുടെ മൊഴിയെടുക്കും

പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരുടെ മൊഴി വീണ്ടും എടുക്കാനുളള തീരുമാനം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരുടെ മൊഴി വീണ്ടും എടുക്കാനുളള തീരുമാനം. പാളികള്‍ കൈമാറാനുളള അനുമതിയില്‍ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തല്‍. കട്ടിളപ്പാളിയും വാതിലും സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതിലാണ് ദുരൂഹത. പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു തന്ത്രിമാരുടെ മൊഴി. ഹൈക്കോടതിയില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടും. കോടതിയില്‍ നിന്ന് അധികസമയം ലഭിച്ചതിന് ശേഷമായിരിക്കും നടപടി.

സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോര്‍ഡിന്റെ തീരുമാനമാണ് എന്നുമാണ് പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. നാളെ കോടതി ജാമ്യഹര്‍ജി പരിഗണിക്കും.

ശബരിമല സ്വര്‍ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാർ ജാമ്യഹർജിയിൽ പറയുന്നത്. താന്‍ മാത്രം എങ്ങനെയാണ് പ്രതിയാവുന്നതെന്ന് പത്മകുമാര്‍ ചോദിച്ചു. ചെമ്പെന്ന് രേഖപ്പെടുത്തിയത് ബോര്‍ഡ് അംഗങ്ങള്‍ അറിഞ്ഞുകൊണ്ടാണെന്നും ഉദ്യോഗസ്ഥര്‍ പിച്ചള എന്നെഴുതിയപ്പോള്‍ താന്‍ അത് മാറ്റി, ചെമ്പ് ഉപയോഗിച്ചാണ് പാളികള്‍ നിര്‍മ്മിച്ചത് എന്നതിനാലാണ് തിരുത്തിയതെന്നും പത്മകുമാര്‍ ഹർജിയിൽ പറയുന്നു. വീഴ്ച്ചയുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് പിന്നീടും ചൂണ്ടിക്കാണിക്കാമെന്നും സ്വര്‍ണക്കവര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ ജ്വല്ലറിയില്‍ പൂജ നടത്തിയ കാര്യത്തിലടക്കം മേഹഷ് മോഹനര് മൊഴി നല്‍കിയതായാണ് വിവരം. സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച എസ്‌ഐടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.2025-ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് അനുമതി നല്‍കിയത് ഉള്‍പ്പെടെയുളള കാര്യങ്ങൡ വ്യക്തത തേടിയാണ് മഹേഷ് മോഹനരില്‍ നിന്ന് മൊഴിയെടുത്തത്. ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടാണ് പോറ്റിയുടെ കൈവശം ദ്വാരപാലക പാളികള്‍ കൊടുത്തുവിടാന്‍ അനുമതി നല്‍കിയതെന്നാണ് തന്ത്രി നല്‍കിയ മൊഴിയെന്നാണ് വിവരം.

Content Highlights: Sabarimala gold theft case: Thantris' statements to be taken again

To advertise here,contact us