തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില് ഭായി-ഭായി ബന്ധമാണുള്ളതെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മസാല ബോണ്ട് ഇടപാടിലെ ഇ ഡി നോട്ടീസ് വലിയ കാര്യമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്പും നോട്ടീസുകള് വന്നതാണ്. പക്ഷേ അതെല്ലാം ആവിയായി പോയി. സത്യസന്ധമായ അന്വേഷണമാണെങ്കില് സ്വാഗതം ചെയ്യും. മസാല ബോണ്ട് ഇടപാട് ഗൗരവമുള്ളതാണ്. വലിയ കൊള്ളയുടെ കഥയാണ് പിന്നിലുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.
ലാവലിന് കമ്പനിക്ക് നല്കിയ പ്രത്യുപകാരമാണ് മസാല ബോണ്ട്. ഇതില് അന്വേഷണം വേണ്ടതാണ്. എന്നാല് ഇ ഡി അന്വേഷണം കൊണ്ട് ഒന്നും പുറത്തുവരില്ല. ആര്ക്ക് വേണ്ടിയാണ് മസാല ബോണ്ട് ഇറക്കിയത്?. എസ്എന്സി ലാവലിന് കമ്പനിയുമായി ഇതിന് ബന്ധമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
രാഹുല് മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ യുവതിക്കെതിരായ സൈബര് ആക്രമണത്തിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സൈബര് ആക്രമണം ആര് നടത്തിയാലും ശരിയല്ല. ഇതിന് പിന്നില് കോണ്ഗ്രസുകാരല്ല. രാജ്മോഹന് ഉണ്ണിത്താനെതിരായ സൈബര് ആക്രമണത്തോട് യോജിക്കുന്നില്ല.സന്ദീപ് വാര്യര്ക്കെതിരായ കേസില് പ്രതികരിച്ച ചെന്നിത്തല നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വ്യക്തമാക്കി.
Content Highlights: ramesh chennithala on ed notice to pinarayi vijayan