'കോടതിയുടേത് അന്യായവിധി'; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരിച്ച് ദീപ

'എന്ത് ഉദ്ദേശത്തിലാണ് പൊലീസ് വീട്ടിലേക്ക് വന്നതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ലാപ്‌ടോപ്പ് മാറ്റിയത്'

തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരമനുഷ്ഠിക്കുമെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍. കോടതിയുടേത് അന്യായമായ വിധിയാണെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിച്ചെന്നും ദീപ പറഞ്ഞു. പൊലീസ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. എന്ത് ഉദ്ദേശത്തിലാണ് പൊലീസ് വീട്ടിലേക്ക് വന്നതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് ലാപ്‌ടോപ്പ് മാറ്റിയതെന്നും ദീപ പറഞ്ഞു . രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപയുടെ പ്രതികരണം.

'രാഹുല്‍ ഈശ്വര്‍ ഒരു വിഷയത്തില്‍ സംസാരിച്ചതിന്റെ പേരില്‍ ജാമ്യമില്ലാ വകുപ്പില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ വലിയ വിഷമമുണ്ട്. സെക്ഷ്വലി കളേര്‍ഡ് റിമാര്‍ക്‌സിനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്ന് കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍, സെക്ഷ്വലി കളേര്‍ഡ് റിമാര്‍ക്ക്‌സ് ഏത് എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും പറയുന്നില്ല. എന്താണ് സെക്ഷ്വലി കളേര്‍ഡ് റിമാര്‍ക്ക്‌സ് എന്ന് ചോദിച്ചപ്പോള്‍ പൊലീസുകാര്‍ പറഞ്ഞത് അതെന്താണെന്ന് നോക്കിയിട്ട് പറയാം എന്നായിരുന്നു. എന്താണെന്ന് പോലും അറിയാത്ത ഒരു വാദം അവര്‍ കോടതിയില്‍ എടുത്തിടുകയായിരുന്നു. സെഷന്‍സ് കോടതിയിലേക്കും ഹൈക്കോടതിയിലേക്കും പോകാനാണ് തീരുമാനം. അതുവരെ നിരാഹാരമിരിക്കുമെന്നാണ് രാഹുല്‍ പറയുന്നത്.' ദീപ വ്യക്തമാക്കി

'ഒരു നോട്ടീസ് പോലും തരാതെയാണ് പൊലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയത്. നോട്ടീസ് കൈപ്പറ്റി എന്ന പൊലീസിന്റെ വാദം പച്ചക്കള്ളമാണ്. നോട്ടീസ് നല്‍കിയില്ല എന്നത് തന്നെ വലിയ തെറ്റാണ്. കേസുമായി ഇത്രയും സഹകരിക്കുന്ന ഒരാള്‍ നോട്ടീസ് കൈപ്പറ്റാതിരിക്കേണ്ട കാര്യമില്ലല്ലോ', ദീപ പറഞ്ഞു.

'രണ്ട് പേരുടെ കാര്യമാണ് ഇവിടെ പറയുന്നത്. അതില്‍ രണ്ട് പേര്‍ക്കും ശരിയും തെറ്റുമുണ്ടാകും. പക്ഷെ അതില്‍ ഒരാളെ മാത്രം നിങ്ങള്‍ എങ്ങനെ ഇര എന്ന് പറയും?. അതിനെക്കുറിച്ച് സംസാരിച്ച ഒരാളെയാണ് ഇപ്പോള്‍ ജാമ്യം പോലും നിഷേധിച്ച് ജയിലില്‍ അടച്ചിരിക്കുന്നത്. അതിനോടുള്ള എതിര്‍പ്പാണ് നിരാഹാര സമരത്തിലൂടെ ഉദ്ദേശിക്കുന്നത്.' ദീപ കുട്ടിച്ചേർത്തു.

രാഹുലിനെതിരായ പ്രോസിക്യൂഷൻ വാദങ്ങൾ അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ കോടതി തള്ളിയത്. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി പ്രോസിക്യൂഷന്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി നിയന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഇതിന് തുടരന്വേഷണം അനിവാര്യമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റം നിസാരമായി കാണാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. അതേസമയം, പൊലീസ് പച്ചക്കള്ളമാണ് പറഞ്ഞതെന്നും ജയിലില്‍ നിരാഹാരം കിടക്കും എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

ഇന്നലെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തായിരുന്നു അറസ്റ്റ്. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കല്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ അഞ്ചാം പ്രതിയാണ്.

Content Highlight; Rahul Easwar's wife Deepa responds to Rahul's remand

To advertise here,contact us