രാഹുലിനെ പിടിക്കാൻ സഹായിക്കും, ഒളിച്ചിരിക്കുന്നത് എവിടെയെന്ന് ഗോവിന്ദൻ മാഷ് കാണിച്ചുതരട്ടെ; സണ്ണി ജോസഫ്

രാഹുൽ എവിടെയെന്ന് മാധ്യമപ്രവർത്തകർ, തന്‍റെ പോക്കറ്റിൽ എന്ന് സണ്ണി ജോസഫിന്‍റെ മറുപടി

കോഴിക്കോട്: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പിടിയ്ക്കാൻ സഹായിക്കുമെന്നും ഒളിച്ചിരിക്കുന്നത് എവിടെയാണെന്ന് ഗോവിന്ദൻ മാഷ് കാണിച്ചു തരട്ടെയെന്നും കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. എംഎൽഎ സ്ഥാനത്തുനിന്നും രാഹുലിന്റെ രാജി ആവശ്യപ്പെടില്ല. അത്തരം കീഴ്‌വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ എവിടെയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് തന്‍റെ പോക്കറ്റിലുണ്ടെന്നാണ് സണ്ണി ജോസഫ് മറുപടി നൽകിയത്.

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി നോട്ടീസ് അയച്ചത് പിണറായി വിജയനും കേന്ദ്രസർക്കാരും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് ഇപ്പോൾ ആകാശത്ത് പാറിനടക്കുകയാണ്. അത് ഇല്ലത്ത് നിന്ന് പുറപ്പെട്ടു, അമ്മാത്ത് എത്തിയിട്ടുമില്ല. അത് എന്തിനാണ്, ആരാണ് കൈപ്പറ്റിയത്, തുടർ നടപടികൾ എന്താണ് എന്ന് ഇഡി വ്യക്തമാക്കട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെ സഹായിക്കാനുള്ള സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ ഒത്തുകളിയാണിത്. ഇതിൽ ഒരു പുതുമയുമില്ല, ഒന്നും സംഭവിക്കാനും പോകുന്നില്ല. മല എലിയെയാണ് പ്രസവിക്കാൻ പോകുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Content Highlights: KPCC President Sunny Joseph about Rahul Mamkootathil case

To advertise here,contact us