മസാല ബോണ്ട്; നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് സർക്കാർ; നോട്ടീസിന് മുഖ്യമന്ത്രി ഉടൻ മറുപടി നൽകും

മൂന്ന് വർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇഡി നോട്ടീസ് നൽകിയത്

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിയുടെ വാദം തള്ളി സംസ്ഥാന സർക്കാർ. മസാല ബോണ്ടിൽ ക്രമക്കേടില്ലെന്നതാണ് സർക്കാർ നിലപാട്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മസാല ബോണ്ടിന്റെ പണം തിരിച്ചു നൽകിയതായും സർക്കാർ വ്യക്തമാക്കി. ഇഡി അയച്ച കാരണം കാണിക്കൽ നോട്ടീസിന് മുഖ്യമന്ത്രി ഉടൻ മറുപടി നൽകും. മൂന്ന് വർഷം നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് ഇഡി നോട്ടീസ് നൽകിയത്.

കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തിരമോ വിശദീകരണം നൽകാവുന്നതാണ്.

2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ സനേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി.

വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു. വിദേശ നിക്ഷേപകരിൽനിന്നും പ്രാദേശിക കറൻസിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള കടപ്പത്രങ്ങളാണ് മസാലബോണ്ട്.

Content Highlights: KIIFB Masala Bond Case; government said it had done nothing illegal

To advertise here,contact us