കൊച്ചി: കാണാതായ സൂരജ് ലാമയുടേത് എന്ന് സംശയിക്കുന്ന ഒരു മൃതദേഹം ലഭിച്ചുവെന്ന് സര്ക്കാര് ഹൈക്കോടതിയില്. ശാസ്ത്രീയ പരിശോധന നടക്കുകയാണെന്നും സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. കളമശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയില് കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണ് എന്നാണ് അധികൃതര് സംശയിക്കുന്നത്. സംഭവത്തില് സര്ക്കാരിനും പൊലീസിനുമെതിരെ ഹൈക്കോടതി രൂക്ഷവിമര്ശനമാണ് ഉന്നയിച്ചത്. പൊലീസിന്റെ മൂക്കിന്റെ അടിയില് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും കാണാതായവരുടെ കാര്യം മനസില്നിന്ന് വിട്ടുപോകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് വിമര്ശനം.
ഇങ്ങനെ ഒരു സ്ഥലമുണ്ടെന്ന് ആളുകള് അറിഞ്ഞാല് എന്താണ് സംഭവിക്കുകയെന്ന് ഹൈക്കോടതി ചോദിച്ചു. മൃതദേഹം സൂരജ് ലാമയുടേത് അല്ലെങ്കില് മറ്റാരുടേതാണ് എന്ന് അറിയണമെന്നും എല്ലാ വശങ്ങളും അന്വേഷിച്ച് പൊലീസ് റിപ്പോര്ട്ട് നല്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചു. ഒഴിഞ്ഞ സ്ഥലങ്ങളില് ഇത്തരത്തില് എത്ര മൃതദേഹങ്ങള് കിടപ്പുണ്ടാകുമെന്ന് കോടതി ചോദിച്ചു. അഞ്ച് പേരെയെങ്കിലും ഇത്തരത്തില് നഗരത്തില് കാണാതായിട്ടുണ്ടെന്നും നഗരത്തിലെ ഇത്തരം ഇടങ്ങളില് സിസിടിവി നിരീക്ഷണം അനിവാര്യമാണെന്നും കോടതി പറഞ്ഞു. ജുഡീഷ്യല് സിറ്റി സ്ഥാപിക്കേണ്ട മേഖലയില് നിന്നാണ് മൃതദേഹം ലഭിച്ചതെന്നും സംഭവത്തില് പൊലീസ് ഗൗരവതരമായി ഇടപെടണമെന്നും ഹൈക്കോടതി പറഞ്ഞു.
സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ രൂക്ഷവിമർശനവുമായി ലാമയുടെ മകൻ സാന്റൻ ലാമ രംഗത്തെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചുവെന്നും ആദ്യം അജ്ഞാതൻ എന്ന് രേഖപ്പെടുത്തി, പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് മാറ്റിയെന്നും സാന്റൻ ലാമ ആരോപിച്ചു.പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പരിശോധന നടത്തിയതിന്റെ സമീപത്ത് നിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയതെന്നും സാന്റൻ ലാമ പറഞ്ഞു. മൃതദേഹം പിതാവിന്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാന്റൻ ലാമ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കളമശ്ശേരി എച്ച്എംടിക്ക് സമീപം രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഓർമശക്തി നഷ്ടപ്പെട്ട സൂരജ് ലാമ ഒക്ടോബർ ആറിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. ഒക്ടോബർ 10ന് രാത്രിയോടെ എൻഐഎ ഓഫീസിന് സമീപത്ത് കൂടി കടന്നുപോകുന്ന സൂരജ് ലാമയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ലാമ ധരിച്ചിരുന്നതിന് സമാനമായ വസ്ത്രം സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. മംഗലാപുരം സ്വദേശിയായ സൂരജ് ലാമ കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. ഓർമ നഷ്ടപ്പെട്ടതിനെ തുടർന്ന് ലാമയെ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ പോലും അറിയിക്കാതെയായിരുന്നു ഈ നടപടി. ഇതോടെ പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സാന്റൻ ലാമ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അച്ഛനെ കണ്ടെത്താൻ കഴിയാത്തതിന് പിന്നാലെ സാന്റൻ ലാമ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. പിന്നാലെ ഹൈക്കോടതി ഇടപ്പെട്ട് സൂരജ് ലാമയെ കണ്ടെത്താൻ 21 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കൊച്ചിയിൽ അലഞ്ഞു തിരിയുകയായിരുന്ന സൂരജ് ലാമയെ പൊലീസ് കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇവിടെ നിന്ന് കാണാതായെന്നായിരുന്നു വിവരം. ഓഗസ്റ്റില് കുവൈത്തിലുണ്ടായ മദ്യ ദുരന്തത്തിലാണ് ലാമയ്ക്ക് ഓർമ നഷ്ടപ്പെട്ടതെന്ന് മകൻ ഹർജിയിൽ പറഞ്ഞിരുന്നു.
Content Highlights: Highcourt criticize government and police in body found near hmt kalamassery