കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച ഹർജിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി. ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ പരിശോധിക്കാതെയാണോ ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു.
ശരിയായ വസ്തുതകളുമായി കോടതിയെ സമീക്കൂവെന്ന് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഓഡിറ്റ് നടത്താൻ നേരത്തെ തന്നെ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ടെൻഡർ നടപടികൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള മുൻ ഉത്തരവുകളൊന്നും പരിശോധിക്കാതെയാണ് ഹർജിയെന്ന് കോടതി വിമർശിച്ചു. ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ ഹർജി.
അതേസമയം ശബരിമല സ്വര്ണക്കൊളള കേസില് വീണ്ടും തന്ത്രിമാരുടെ മൊഴിയെടുക്കും. പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരുടെ മൊഴി വീണ്ടും എടുക്കാനുളള തീരുമാനം. പാളികള് കൈമാറാനുളള അനുമതിയില് ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തല്. കട്ടിളപ്പാളിയും വാതിലും സ്വര്ണം പൂശാന് അനുമതി നല്കിയതിലാണ് ദുരൂഹത. പുറത്തേക്ക് കൊണ്ടുപോകാന് അനുമതി നല്കിയിട്ടില്ലെന്നായിരുന്നു തന്ത്രിമാരുടെ മൊഴി. ഹൈക്കോടതിയില് ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടും. കോടതിയില് നിന്ന് അധികസമയം ലഭിച്ചതിന് ശേഷമായിരിക്കും നടപടി.
സ്വര്ണക്കൊളള കേസില് അറസ്റ്റിലായ ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ പത്മകുമാര് ജാമ്യാപേക്ഷ സമര്പ്പിച്ചിട്ടുണ്ട്. കൊല്ലം വിജിലന്സ് കോടതിയിലാണ് അപേക്ഷ നല്കിയത്. താന് കുറ്റം ചെയ്തിട്ടില്ലെന്നും നടപ്പിലാക്കിയത് ബോര്ഡിന്റെ തീരുമാനമാണ് എന്നുമാണ് പത്മകുമാര് ജാമ്യാപേക്ഷയില് പറയുന്നത്. നാളെ കോടതി ജാമ്യഹര്ജി പരിഗണിക്കും.
Content Highlights: HighCourt says there are flaws in Rajeev Chandrasekhar's petition seeking CBI investigation on sabarimala gold theft case