തിരുവനന്തപുരം: മസാല ബോണ്ടില് മുഖ്യമന്ത്രി പിണറായി വിജയനും മുന് ധനമന്ത്രി തോമസ് ഐസക്കിനും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചതില് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം നീക്കങ്ങളുണ്ടാകാറുണ്ടെന്ന് എം വി ഗോവിന്ദന് പറഞ്ഞു. ഇത് ഇ ഡിയുടെ രാഷ്ട്രീയ കളിയാണെന്നും കേരളത്തിലെ ജനങ്ങള്ക്ക് അത് മനസിലാകുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. കിഫ്ബിയെ അപകീര്ത്തിപ്പെടുത്താനുളള നടപടിയാണിതെന്നും കേരളത്തിന്റെ വികസനത്തിന് എതിരായ കടന്നുകയറ്റമാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
'ഒരു ലക്ഷം കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങള്ക്കാണ് കിഫ്ബി നേതൃത്വം കൊടുത്തിട്ടുളളത്. കേരളത്തിന്റെ ഒരറ്റം മുതല് മറ്റേ അറ്റംവരെ സഞ്ചരിക്കുമ്പോള് കിഫ്ബിയുടെ നേട്ടങ്ങള് കാണാം. കേരളത്തിന്റെ പശ്ചാത്തല സൗകര്യത്തെ ലോകോത്തരമായ രീതിയില് വളര്ത്തിയെടുക്കാന് പ്രവര്ത്തിച്ച, 140 നിയോജക മണ്ഡലങ്ങളിലും ഫലപ്രദമായി നിക്ഷേപിച്ച കിഫ്ബിയെ അപകീര്ത്തിപ്പെടുത്തുന്നതിന് വേണ്ടിയുളള പ്രവര്ത്തനം തുടങ്ങിയിട്ട് കാലം കുറേയായി. നോട്ടീസ് വരട്ടെ. ബിജെപിയുടെ രാഷ്ട്രീയ നിലപാടാണിത്. കേരളത്തിന്റെ വികസനത്തിന് എതിരായ കടന്നുകയറ്റം': എം വി ഗോവിന്ദന് പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചവർക്ക് പ്രതിനിധി വഴിയോ അഭിഭാഷകൻ മുഖാന്തരമോ വിശദീകരണം നൽകാവുന്നതാണ്.
Content Highlights: ED notice in KIIFB masala bond case is a political game: MV Govindan