തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടില് മുഖ്യമന്ത്രി പിണറായി വിജയന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ച സംഭവത്തില് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് ഇ ഡിയുടെ വരവെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. ഇത് സ്ഥിരം പരിപാടിയാണെന്നും കഴിഞ്ഞ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇ ഡി വന്നിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇതൊരു തമാശയായി മാറുമെന്നും ബിനോയ് വിശ്വം പറഞ്ഞു. വരും, വരാതിരിക്കില്ല എന്നതാണ് അവസ്ഥ. ഇ ഡിയും പഴയത് കുപ്പിയും പഴയത് എന്നതാണ് സ്ഥിതി. കേരളത്തിലെ ജനവിധിയെ മാറ്റാനാവില്ല. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുത്. ജനങ്ങള് അര്ഹിക്കുന്ന പുച്ഛത്തോടെ അതിനെ തള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിക്ക് നോട്ടീസ് ലഭിച്ചതില് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒരേ നിലപാടാണാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഈ വിഷയത്തില് സതീശനും രമേശും ഒരേ പോലെ മിണ്ടിക്കണ്ടു. അടുത്ത കാലത്ത് ഒരേ നിലപാട് അവര് എടുക്കുന്നത് ആദ്യമാണ്. അവരെ ഒന്നിപ്പിച്ചതില് ഇ ഡിക്ക് സന്തോഷിക്കാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്ത്തു.
ബിജെപി അവരുടെ ആവശ്യ സമയത്ത് വേട്ടപ്പട്ടിയെ പോലെ ഇറക്കുന്ന ആയുധമാണ് ഇ ഡിയെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കോണ്ഗ്രസിന് എന്നാല് നിലപാട് മറ്റൊന്നാണ്. നാഷണല് ഹെറാള്ഡ് കേസില് വെറുക്കപ്പെട്ട ഇ ഡി കേരളത്തില് പ്രിയപ്പെട്ടത് എന്നതാണ് നിലപാടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Content Highlights- Binoy Viswam reaction over ed notice to cm pinarayi vijayan