ന്യൂഡല്ഹി: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരായ പ്രതികരണത്തില് പരിഹസിച്ച ജോണ് ബ്രിട്ടാസ് എംപിയ്ക്ക് മറുപടിയുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് രാജ്മോഹന് ഉണ്ണിത്താന്. ജോണ് ബ്രിട്ടാസിന് തന്നോട് ഇത്ര സ്നേഹമുണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞതെന്ന് രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. അദ്ദേഹത്തിന്റെ പാര്ട്ടിയാണ് മഞ്ചേരിയില് തന്നെ വളഞ്ഞിട്ട് ആക്രമിച്ചതും ആള്ക്കൂട്ട വിചാരണ നടത്തിയതെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. അന്ന് താന് ഒളിച്ചോടിയില്ലെന്നും സകല വിചാരണയും ഒറ്റയ്ക്കാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു പെണ്കുട്ടിയും തനിക്കെതിരെ പരാതി നല്കിയിരുന്നില്ലെന്നും താന് അവിഹിതമായ മാര്ഗത്തിലൂടെ ആര്ക്കും ഗര്ഭമുണ്ടാക്കിയിട്ടില്ലെന്നും രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മഞ്ചേരിയില് എനിക്ക് നേരെയുണ്ടായത് ആള്ക്കൂട്ട വിചാരണയാണ്. അന്ന് സകല വിചാരണയും ഒറ്റയ്ക്ക് നേരിട്ടയാളാണ് ഞാന്. അന്ന് രാത്രിയില് എന്നെ കോടതിയില് ഹാജരാക്കി. ജാമ്യം തന്നു. കേസ് കോടതി തളളിക്കളഞ്ഞു. അന്ന് വൈകീട്ട് തന്നെ ഞാന് മാധ്യമങ്ങളെ കണ്ടു. കാരണം എനിക്കറിയാം ഞാന് കുറ്റം ചെയ്തിട്ടില്ല. ഒരു പെണ്കുട്ടിയും എനിക്കെതിരെ പരാതി നല്കിയിട്ടില്ല. ഞാന് ആര്ക്കും അവിഹിതമായ മാര്ഗത്തിലൂടെ ഗര്ഭമുണ്ടാക്കിയിട്ടില്ല. ആള്കൂട്ടവിചാരണയെ ഒറ്റയ്ക്ക് നേരിട്ട് വന്നയാളാണ് ഞാന്. അന്ന് ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദനയും യാതനയും ഞങ്ങള്ക്കല്ലേ അറിയൂ. അന്നും ഇന്നും എന്റെ കുടുംബം എന്നോടൊപ്പമുണ്ട്': രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.
പൈതൃകവും പാരമ്പര്യവുമുള്ള കോൺഗ്രസ് പാർട്ടി രാജ്മോഹൻ ഉണ്ണിത്താനെ ആക്രമിക്കുകയാണെന്നും ഇൻഡ്യ സഖ്യത്തിലെ എംപിയെ ഉപദ്രവിക്കരുതെന്നുമാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്. തന്നെ ആക്രമിക്കുന്നത് സിപിഐഎം അല്ല കോൺഗ്രസാണ് എന്നാണ് ഉണ്ണിത്താൻ പറഞ്ഞത്. ഉണ്ണിത്താനെ ആക്രമിക്കുന്നതിൽ നിന്നെങ്കിലും കോൺഗ്രസ് പാർട്ടി പിന്മാാറണമെന്നും ബ്രിട്ടാസ് പറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം നടന്നാൽ പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരുമെന്നും അതുകൊണ്ട് തന്നെ അനാവശ്യമായി പ്രകോപിപ്പിക്കാന് നില്ക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'കോണ്ഗ്രസില് വ്യക്തിത്വമുളളവരെ സൈബര് ആക്രമണത്തിലൂടെ കീഴ്പ്പെടുത്തി അവരുടെ വായടപ്പിക്കാനാണ് ശ്രമമെങ്കില് കൂടുതല് കാര്യങ്ങള് ഞാന് പറയും. എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇവന്റെ (രാഹുൽ മാങ്കൂട്ടത്തിൽ) സകല ചരിത്രവും എനിക്കറിയാം. അതുകൊണ്ട് ഇനി സൈബര് ആക്രമണം തുടര്ന്നാല് പലതും പരസ്യമായി വിളിച്ച് പറയേണ്ടിവരും. ആ പറയുന്നത് അവന്റെ അന്ത്യംകുറിക്കും. എന്നെ അനാവശ്യമായി പ്രകോപിപ്പിക്കരുത്. ഒരു കേസ് മാത്രമല്ല, ഒരുപാട് കേസുകളുണ്ട്. ആ കേസുകളെക്കുറിച്ച് എല്ലാമറിയാവുന്ന ആളാണ് ഞാന്. സൈബര് ആക്രമണം തുടര്ന്നാല് വാര്ത്താസമ്മേളനം നടത്തി ഞാന് എല്ലാം പറയും':എന്നാണ് രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞത്.
Content Highlights: 'A mob trial took place in Manjeri that day, no girl filed a complaint against me': Rajmohan Unnithan