പൊലീസിനെതിരെ ബോംബെറിഞ്ഞ കേസിലെ പ്രതിയുടെ സ്ഥാനാർത്ഥിത്വം; ന്യായീകരിച്ച് DYFI സംസ്ഥാന സെക്രട്ടറി

വികെ നിഷാദ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

പയ്യന്നൂർ: കണ്ണൂരിൽ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദിന്റെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസുകളും ഉണ്ടാകും അതിനെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് ജയിലിലായ സ്ഥാനാർത്ഥിയെ കുറിച്ച് ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രതികരണം. പയ്യന്നൂർ നഗരസഭ 46ാം വാർഡിലാണ് വി കെ നിഷാദ് മത്സരിക്കുന്നത്. സ്ഥാനാർത്ഥിക്കായുള്ള പ്രചരണം കൊഴുപ്പിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. നിഷാദിനായി വിവിധ സംഘങ്ങളായി വീടുകൾ കയറി വോട്ടഭ്യർത്ഥിക്കുകയാണ് ഡിവൈഎഫ്‌ഐ.

വികെ നിഷാദ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. പൊലീസിനെതിരെ ബോംബെറിഞ്ഞത് ഇവരാണ് എന്ന് ആരെങ്കിലും പറഞ്ഞോ ? കോടതിയുടേത് അന്തിമവിധി അല്ല. ഇനിയും കോടതികൾ ഉണ്ടെന്നും സനോജ് പറഞ്ഞു.

ഇരുപത് വർഷത്തേക്കാണ് നിഷാദിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും നിഷാദിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു പാർട്ടി തീരുമാനം. കേസിൽ വിധി വരുമെന്ന് അറിയാമായിരുന്നതിനാൽ ഡമ്മി സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ജയിലിലായിട്ടും നിഷാദ് തന്നെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലെത്തുകയാണ് ഉണ്ടായത്. പത്രിക നൽകിയ സമയത്ത് വിധി വരാത്തതിനാൽ മത്സരിക്കാൻ തടസമില്ലായിരുന്നു. കൊലപാതകവും കൊലപാതക ശ്രമവും ഉൾപ്പെടെ 19 കേസിൽ പ്രതിയായ നിഷാദ് കഴിഞ്ഞ അഞ്ചുവർഷമായി മറ്റൊരു വാർഡിൽ കൗൺസിലറായിരുന്നു.

ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. സ്റ്റേ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രതിസന്ധിയുണ്ടാകില്ലെന്നും നിയമപരമായി അതിനെ നേരിടുമെന്നുമാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞിരിക്കുന്നത്.

Content Highlight: VK Sanoj supporting candidature of VK Nishad

To advertise here,contact us