അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെച്ചേനെ; അത് രണ്ടുമില്ലെന്നറിയാം: വി ശിവൻകുട്ടി

ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാകുന്നതെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: അന്തസ്സും മാന്യതയുമുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അത് രണ്ടും രാഹുലിന് ഇല്ലെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

ടെലഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാകുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പരസ്യമായി രാഹുലിനെ പിന്തുണയ്ക്കുകയാണ്. കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയാണിത്. പൊതുസമൂഹത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് ഇതാണോ എന്നത് ചര്‍ച്ചയാകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളിലും വി ശിവന്‍കുട്ടി പ്രതികരിച്ചു.ഓരോരുത്തരുടെ സംസ്‌കാരം അനുസരിച്ചാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. ഷാഫിയും സുധാകരനും രാഹുലുനെ പരസ്യമായി പിന്തുണയ്ക്കുന്നതിലൂടെ സ്ത്രീ സമൂഹത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, യുവതിയുടെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Content Highlights: v sivankutty against rahul mamkootathil

To advertise here,contact us