തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ പരാതിക്കാരിയായ യുവതി നല്കിയ മൊഴിയുടെ വിവരങ്ങള് റിപ്പോര്ട്ടറിന്. ഗര്ഭച്ഛിദ്രം നടത്താന് രാഹുല് മാങ്കൂട്ടത്തില് നിര്ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്കി. ബെംഗളൂരുവില് നിന്ന് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചു നല്കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള് വിളിച്ച് രാഹുല് ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഇരുപതോളം പേജ് വരുന്ന മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. അഞ്ചര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. പെണ്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിയെടുക്കുന്നതിനായി നെയ്യാറ്റികര കോടതിയിലാണ് അപേക്ഷ നല്കുക. നിലവില് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. നേമം സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത് എന്നതിനാല് കേസ് നേമം സ്റ്റേഷനിലേക്ക് കൈമാറും. തുടര്ന്ന് കേസ് റീ രജിസ്റ്റര് ചെയ്യും.
ഗര്ഭച്ഛിദ്രത്തിന് ഗുളിക എത്തിച്ചത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും. ഗുളിക എത്തിച്ചുനല്കിയ സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം നടത്തും. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിച്ചു, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 10 വര്ഷം മുതല് ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്.
അതേസമയം രാഹുലിനെ ബന്ധപ്പെടാന് ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള് കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസില് മുന്കൂര്ജാമ്യത്തിനുള്ള നീക്കം രാഹുല് നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല് സംസാരിച്ചതായാണ് വിവരം.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെണ്കുട്ടി തന്റെ പരാതി കൈമാറിയത്. തിരുവനന്തപരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്കണ്ട് പരാതി നല്കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. രാഹുല് മാങ്കൂട്ടത്തില് എംഎല്എയില് നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്കിയത്. ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിരുന്നു.
Content Highlights: rahul mamkootathil Forced her to have an abortion and gave her medicine Statement