തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയ അതിജീവിതയെ അപമാനിച്ച് മുൻ വനിതാ ഡിജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വർണക്കൊള്ള മറയ്ക്കാനാണോ പരാതിയെന്നാണ് ആർ ശ്രീലേഖയുടെ പ്രതികരണം. ബിജെപിയെ വെട്ടിലാക്കി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രതിരോധിച്ചാണ് മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ പോസ്റ്റ്. മുമ്പുംം സമാനമായ സംഭവങ്ങളിൽ സ്ത്രീ വിരുദ്ധ പ്രതികരണം ഇവർ നടത്തിയിരുന്നു. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയാണ് ആർ ശ്രീലേഖ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല?ഇപ്പോൾ എന്തിന് നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി?പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ?അതോ ശബരിമലയിൽ സ്വർണ്ണകൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ?
അതേസമയം രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ പരാതിക്കാരിയായ യുവതി നല്കിയ മൊഴിയുടെ വിവരങ്ങള് റിപ്പോര്ട്ടറിന് ലഭിച്ചു. ഗര്ഭച്ഛിദ്രം നടത്താന് രാഹുല് മാങ്കൂട്ടത്തില് നിര്ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്കി. ബെംഗളൂരുവില് നിന്ന് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചു നല്കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള് വിളിച്ച് രാഹുല് ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.
ഇരുപതോളം പേജ് വരുന്ന മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. അഞ്ചര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. പെണ്കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും.
Content Highlights: R Sreelekhas facebook post against Survivor