തിരുവനന്തപുരം: അതിജീവിത പരാതി നല്കിയതിന് പിന്നാലെ പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തില് വിദേശത്ത് കടക്കാനുള്ള സാധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാന് പൊലീസ്. രാഹുല് മാങ്കൂട്ടത്തിലിന് വിദേശത്ത് വലിയ സൗഹൃദവലയമുണ്ട്. ഫോണ് സ്വിച്ച് ഓഫ് ചെയ്ത് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥലത്തേക്കാണോ രാഹുല് പോയിരിക്കുന്നതെന്ന സംശയം പൊലീസിനുണ്ട്. ഉച്ചയോടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് തീരുമാനം.
യുവതിയുടെ പരാതിയില് ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്. കോണ്ഗ്രസിലെ ചിലരില് നിന്നും ഇപ്പോഴും സംരക്ഷണം ലഭിക്കുന്നതിനാല് അത് ഉപയോഗിച്ച് രാഹുല് കടന്നുകളയാനുള്ള സാധ്യതയുമുണ്ട്. കൃത്യമായ ഗൂഡാലോചനയോടെയാണ് രാഹുലിന്റെ നീക്കം.
അതിജീവിതയുടെ സ്വകാര്യ ദൃശ്യങ്ങള് സ്വന്തം മൊബൈലില് പകര്ത്തി ഭീഷണിപ്പെടുത്തിയതാണ് പരാതി നല്കാന് വൈകിയതെന്നാണ് യുവതി പരാതിയില് പറഞ്ഞിരിക്കുന്നത്. തൃക്കണ്ണാപുരത്തും പാലക്കാടുമുള്ള ഫ്ളാറ്റില് വച്ച് രാഹുല് തന്നെ ബലാത്സംഗം ചെയ്തുവെന്നും പരാതിയിലുണ്ട്. അതേസമയം ഇടയ്ക്ക് രാഹുല് ഫോണ് സ്വിച്ച് ഓണ് ചെയ്തത് ദൃശ്യം മോഡല് ഓപ്പറേഷന് ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിച്ചു തുടങ്ങിയ വകുപ്പുകള് ചുമത്തിയാണ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. കഴിഞ്ഞദിവസം വിശദമായി പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Content Highlights: Police to issue look out notice against Rahul Mamkootathil