തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരായ കേസില് പൊലീസിന് ഇതുവരെയും വ്യക്തത വന്നിട്ടില്ലെന്ന് രാഹുലിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് ജോര്ജ് പൂന്തോട്ടം. കേസ് വലിയമലയില് നിന്നും നേമത്തേക്ക് മാറ്റി. എവിടെയാണ് മുന്കൂര് ജാമ്യാപേക്ഷ ഫയല് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. ഗോള് പോസ്റ്റ് അറിഞ്ഞലല്ലേ ഗോളടിക്കാന് പറ്റൂവെന്നും ജോര്ജ് പൂന്തോട്ടം പരിഹസിച്ചു.
'കേസിന്റെ വിവരങ്ങള് അറിയുമ്പോള് അടുത്ത നടപടി സ്വീകരിക്കും. കേസിന്റെ എഫ്ഐആര് വിശദാംശങ്ങള് അറിഞ്ഞു. എന്നാല് എവിടെയാണ് രജിസ്റ്റര് ചെയ്യേണ്ടതെന്ന് പൊലീസിന് വ്യക്തത വന്നിട്ടില്ല. വലിയമലയില് തുടങ്ങി. പിന്നീട് നേമത്തേക്ക് വന്നു. ഗോള് പോസ്റ്റ് എവിടെയാണെന്ന് അറിയില്ല. എന്നാലല്ലേ ഗോള് അടിക്കാന് പറ്റൂ', എന്നായിരുന്നു ജോര്ജ് പൂന്തോട്ടത്തിന്റെ പ്രതികരണം.
രാഹുലിനെതിരായ കേസ് അജണ്ടയുടെ ഭാഗമെന്നാണ് കഴിഞ്ഞ ദിവസം ജോര്ജ് പൂന്തോട്ടം പ്രതികരിച്ചത്. ഇതൊരു അജണ്ടയുടെ ഭാഗമാണ്. ചില ആളുകള് നടത്തുന്ന ദുഷ്പ്രചരണമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷന് ആണെന്ന് തനിക്കറിയുന്ന നിയമത്തില് ഇല്ല. മുഖ്യമന്ത്രിക്കാണ് പെണ്കുട്ടി പരാതി കൊടുത്തെന്നാണ് പറഞ്ഞത്. ഒരു എംഎല്എയ്ക്ക് പോയി കാണാന് പറ്റാത്തയാളാണ് മുഖ്യമന്ത്രി. അദ്ദേഹം വിചാരിച്ചാല്പ്പോലും ദിവസങ്ങളോളം കഴിഞ്ഞാലേ മുഖ്യമന്ത്രിയെ കാണാനാകൂ. മുഖ്യമന്ത്രിക്ക് ഡിജിപിയുടെയോ സര്ക്കിള് ഇന്സ്പെക്ടറുടെയോ പവര് ഉണ്ടോ എന്നും ജോര്ജ് പൂന്തോട്ടം പറഞ്ഞിരുന്നു.
പുറത്തുവന്ന ചാറ്റുകളും സംഭാഷണങ്ങളും രാഹുലിന്റേതാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ജോര്ജ് പൂന്തോട്ടം ചോദിച്ചിരുന്നു. രാജ്യത്ത് എത്രയോ ബലാത്സംഗവും ഗര്ഭച്ഛിദ്രവും നടക്കുന്നുണ്ട്. ഇതൊക്കെ മുഖ്യമന്ത്രി നേരിട്ടാണോ പരാതി സ്വീകരിക്കുന്നത്? സംഭവങ്ങളിലെല്ലാം അസ്വാഭാവികത ഉണ്ടെന്നും ജോര്ജ് പൂന്തോട്ടം പറഞ്ഞിരുന്നു.