കൊല്ലത്ത് പ്രചരണത്തിനിടെ നായയുടെ ആക്രമണം; LDF സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്

പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നായയുടെ ആക്രമണത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്. കുളത്തുപ്പുഴ പഞ്ചായത്തിലെ ഡാലി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി രശ്മിക്കാണ് കടിയേറ്റത്. കാലിൽ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും രശ്മിക്ക് കടിയേറ്റിട്ടുണ്ട്. വോട്ട് ചോദിച്ചെത്തിയ വീട്ടിലെ നായയാണ് ആക്രമിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രശ്മി ഡോക്ടറുടെ നിർദേശപ്രകാരം പ്രചരണം നിർത്തി വിശ്രമത്തിലാണ്.

സമാനമായ മറ്റൊരു സംഭവത്തിൽ ഇക്കഴിഞ്ഞ നവംബർ 15ന് തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥിക്കും നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസൺവാലി പഞ്ചായത്തിലെ രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥി ജാൻസി വിജുവിനാണ് അന്ന് കടിയേറ്റത്. പ്രദേശത്തെ വീട്ടിൽ വോട്ടു ചോദിച്ചെത്തിയപ്പോൾ കെട്ടഴിച്ചുവിട്ടിരുന്ന നായ കടിക്കുകയാണ് ഉണ്ടായത്. പ്രവർത്തകരും സ്ഥാനാർഥിയും നായയെ കണ്ട് ഓടിയെങ്കിലും നായ കടിച്ചു, പിന്നാലെ അടിമാലി ആശുപത്രിയിലെത്തി വാക്‌സിനെടുത്ത ശേഷം വൈകിട്ടോടെ പ്രചാരണത്തിൽ സജീവമായി. പരിക്ക് ഗുരുതരമല്ലായിരുന്നു.

Content Highlights: Pet Dog attacked LDF Candidate while election campaigning

To advertise here,contact us