തുടർച്ചയായി നോട്ടീസ് അയച്ചിട്ടും ഹാജരായില്ല, പിന്നാലെ ലുക്ക്ഔട്ട് നോട്ടീസ്; ഫസൽ ഗഫൂറിനെ ചോദ്യം ചെയ്യാൻ ഇ ഡി

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഫസല്‍ ഗഫൂറിനെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയക്കുകയുമായിരുന്നു

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വൈകാതെ ഫസല്‍ ഗഫൂര്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ എടുത്ത ഫെമ ലംഘനം നടത്തിയെന്ന കേസിലാണ് ഇ ഡി നടപടി.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഫസല്‍ ഗഫൂറിനെ ഇഡി കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം ഉപാധികളോടെ വിട്ടയക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്നോ നാളെയോ ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഓസ്‌ട്രേലിയയ്ക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്തില്‍ കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് ഫസല്‍ ഗഫൂറിനെ ഇ ഡി കസ്റ്റഡിയിലെടുക്കുന്നത്. യാത്ര തടയുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്നും നാടകീയമായാണ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയില്‍ എടുത്തത്. ഇ ഡിയുടെ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് യാത്ര വിലക്കിയത്. വിദേശ യാത്ര ഫസല്‍ ഗഫൂര്‍ ഒഴിവാക്കുകയും ചെയ്തു.

ഹാജരാകാന്‍ ആവശ്യപ്പെട്ട് പലതവണ ഫസല്‍ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചതായാണ് വിവരം. ഹാജരാകാത്തതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഇ മെയിലിലാണ് തനിക്ക് നോട്ടീസ് ലഭിച്ചതെന്നും അതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമാണ് ഫസല്‍ ഗഫൂറിന്‍റെ വിശദീകരണം.

Content Highlights: ED to question MES President Fazal Ghafoor

To advertise here,contact us