'പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ'; ഗർഭഛിദ്രത്തിന് ഇരയായതിൻ്റെ ദുരനുഭവം പങ്കുവെച്ച് യുവതി

'കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു'

കൊച്ചി: പൊളിറ്റിക്കൽ ഫ്യൂച്ച‍ർ നശിപ്പിക്കുമെന്ന് പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ ​ഗർഭഛിദ്രത്തിന് നിർബന്ധിച്ചതെന്ന് സൂചിപ്പിച്ച് യുവതിയുടെ ശബ്ദ സംഭാഷണം. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ റിപ്പോ‍ർട്ടർ പുറത്ത് വിട്ട ശബ്ദരേഖയിലാണ് യുവതി ഞെ‍ട്ടിക്കുന്ന അനുഭവം പങ്കുവെയ്ക്കുന്നത്. 'എൻ്റെ അവകാശമാണ് നിഷേധിച്ചത്. പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ. പൊളിറ്റിക്കൽ ഫ്യൂച്ചർ, ഞാൻ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കിൽ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും. ഞാൻ, ഞാൻ എങ്ങനെ ചെയ്യോ? പൊയ്ക്കോളാം എന്നല്ലേ ഞാൻ പറഞ്ഞേ. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു' എന്നാണ് ശബ്ദരേഖയിൽ യുവതി പറയുന്നത്.

നിലമ്പൂർ തെരഞ്ഞെടുപ്പിൻ്റെ സമയത്താണ് ​ഗർഭഛിദ്രത്തിനായി മരുന്ന് കഴിച്ചതെന്നും യുവതി ശബ്ദരേഖയിൽ പറയുന്നുണ്ട്. 'ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂർ ഇലക്ഷൻ്റെ സമയത്ത്, എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ബാംഗ്ലൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം, പുള്ളി നിലമ്പൂരിൽ എത്തിയതിൻ്റെ അന്ന് രാവിലെയാണ് ഞാൻ ആദ്യത്തെ മരുന്ന് കഴിക്കുന്നേ. അതും വീഡിയോ കോൾ ഒക്കെ ചെയ്തിട്ട് കഴിച്ചു. കഴിച്ചു കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓർമ്മയുണ്ടോ, എന്തൊക്കെയോ…എനിക്ക് പറയാൻ പോലും പറ്റുന്നില്ല. Bleeding, Bleeding, Bleeding…' ഇങ്ങനെയാണ് യുവതി തൻ്റെ ദുരനുഭവം വിവരിക്കുന്നത്.

ഗര്‍ഭഛിദ്രത്തിൻ്റെ മരുന്ന് കഴിച്ചതിന് യുവതിയെ ഡോക്ടര്‍ വഴക്ക് പറഞ്ഞതായും ശബ്ദ സന്ദേശത്തില്‍ യുവതി വ്യക്തമാക്കുന്നുണ്ട്. 'ഇതാരാ നിങ്ങൾക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ, ഒരു സ്കാൻ റിപ്പോർട്ട് പോലും എടുക്കാതെ, നിങ്ങൾ അത്രയും പീക്ക് ആയി നിൽക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്' എന്ന് ഡോക്ടർ‌ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങൾ വിവരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്.

Content Highlights: Young woman shares her ordeal of being a victim of abortion

To advertise here,contact us