ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; ബിജെപി നേതാക്കളെയോ പ്രവര്‍ത്തകരെയോ പ്രതികളാക്കില്ല, കേസ് അവസാനിപ്പിക്കും

ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിനായിരുന്നു ആനന്ദ് ജീവനൊടുക്കിയത്

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തില്‍ കേസ് അവസാനിപ്പിക്കാൻ പൊലീസ്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുകയോ പ്രതികളാക്കുകയോ ചെയ്യില്ല.

സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണം. ആനന്ദിനെ സ്ഥാനാര്‍ഥിയാകാന്‍ ആരും നിര്‍ദേശിച്ചിരുന്നില്ല. ആരും ആനന്ദിനെ ഭീഷണിപ്പെടുത്തിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കേസ് അവസാനിപ്പിക്കാനാണ് പൂജപ്പുര പൊലീസിന്റെ തീരുമാനം.

ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിനായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. ആര്‍എസ്എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ആനന്ദ്. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ കുറിപ്പെഴുതിവെച്ച ശേഷമായിരുന്നു ആനന്ദ് ജീവനൊടുക്കിയത്. തൃക്കണ്ണാപുരത്ത് നിന്ന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെയായിരുന്നു ബിജെപി പ്രഖ്യാപിച്ചതെന്നും ആനന്ദ് പറഞ്ഞിരുന്നു.

ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്ന് ആനന്ദ് ആരോപിച്ചിരുന്നു. ബിജെപി ഏരിയാ പ്രസിഡന്റ് ഉദയകുമാര്‍, നിയോജക മണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരുടെ പേരും ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഈ നേതാക്കള്‍ മണല്‍ മാഫിയക്കാരാണെന്നും അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തില്‍ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് വിനോദ് കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും ആനന്ദ് കുറ്റപ്പെടുത്തിയിരുന്നു.

Content Highlights: Police to close case in RSS activist Anand K Thampi's death

To advertise here,contact us