യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രികയിലെ തന്‍റെ ഒപ്പ് വ്യാജം, അവരെ അറിയില്ല; ആന്തൂരില്‍ പരാതി നല്‍കി നിര്‍ദേശകൻ

സ്ഥാനാര്‍ത്ഥിയായ ഷമീമയെ തനിക്ക് പരിചയമില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തെ നിര്‍ദേശിക്കുകയോ ഒപ്പിട്ടുനല്‍കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു

കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരില്‍ നിര്‍ദേശകരുടെ ഒപ്പ് വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സംഭവത്തില്‍ ട്വിസ്റ്റ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കുകയോ ഒപ്പിട്ട് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടി പറശ്ശിനിക്കടവ് സ്വദേശിയായ കെ പി കൃഷ്ണന്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. സ്ഥാനാര്‍ത്ഥിയായ ഷമീമയെ തനിക്ക് പരിചയമില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തെ നിര്‍ദേശിക്കുകയോ ഒപ്പിട്ടുനല്‍കുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

തന്റെ ഒപ്പല്ലെന്ന് സത്യവാങ്മൂലം നല്‍കിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എടുക്കണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ആന്തൂര്‍ നഗരസഭ കോടല്ലൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിര്‍ദ്ദേശകന്‍ ആയിരുന്നു കെ പി കൃഷ്ണന്‍. പത്രികയില്‍ താന്‍ ഒപ്പിട്ടില്ലെന്ന് നിര്‍ദ്ദേശകന്‍ പറഞ്ഞതോടെ വരണാധികാരി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയായിരുന്നു. പിന്നാലെ നിര്‍ദ്ദേശകനെ എല്‍ഡിഎഫ് ഭീഷണിപ്പെടുത്തി എന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.

ആന്തൂരില്‍ ഏതാണ്ട് കോണ്‍ഗ്രസാണെന്ന് തോന്നുന്നവരുടെ വ്യാജ ഒപ്പിട്ട് പത്രിക നല്‍കുകയാണ് ചെയ്യുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന ഗുരുതരമായ നിയമലംഘനമാണ് വ്യാജരേഖ ചമയ്ക്കല്‍, ഇതില്‍ പങ്കെടുത്ത എല്ലാ പേരിനെയും നിയമത്തിന്റെയും അന്വേഷണത്തിന്റെയും മുന്നില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കെ കെ രാഗേഷ് പറഞ്ഞിരുന്നു.

Content Highlights: Local body election UDF candidate's advisor files police complaint in anthoor

To advertise here,contact us