'മെൻ്റലി, ഫിസിക്കലി ഞാൻ ഇത്രേം തകർന്ന് തരിപ്പണമായി, ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?';ദുരനുഭവം പങ്കുവെച്ച് യുവതി

ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങളെക്കുറിച്ചാണ് ശബ്ദ രേഖയില്‍ വ്യക്തമാക്കുന്നത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്തുവിട്ട് റിപ്പോര്‍ട്ടര്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ ദുരനുഭവത്തെക്കുറിച്ചാണ് ശബ്ദ രേഖയില്‍ വ്യക്തമാക്കുന്നത്. ഗര്‍ഭഛിദ്രത്തിന് ആരാണ് മരുന്ന് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ മരുന്ന് തന്നതെന്നും ചോദിച്ച് ഡോക്ടര്‍ തന്നെ വഴക്ക് പറഞ്ഞു എന്നടക്കം യുവതി പറയുന്നത് ശബ്ദ രേഖയില്‍ കേള്‍ക്കാം.

'ഇത് നടന്നിട്ട് എത്ര ദിവസമായി. ഇത്രേം ദിവസമായിട്ട് എനിക്ക് ഒന്ന് റിക്കവര്‍ ആവാന്‍ പറ്റുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ? മെന്റലി, ഫിസിക്കലി ഞാന്‍ ഇത്രേം തകര്‍ന്ന് തരിപ്പണമായി. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഒട്ടും ഓകെ അല്ല ഞാന്‍.. ഇമോഷണല്‍ സപ്പോര്‍ട്ട് തരേണ്ട ആള്‍ക്കാര്‍ പോലും ഇല്ല എനിക്ക് അപ്പുറത്ത്.' ശബ്ദ രേഖയില്‍ കരഞ്ഞുകൊണ്ടുള്ള യുവതിയുടെ വാക്കുകള്‍ കേള്‍ക്കാം.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ബന്ധുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തിയാണ് യുവതി മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കി. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. യുവതിയുടെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചതിന് പിന്നാലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നു.

നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള്‍ ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്‌സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.

who cares എന്ന Attitude ഉള്ള യുവരാഷ്ട്രീയ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് മാധ്യമ പ്രവ‍ർത്തകയും അഭിനേത്രിയുമായ റിനി ആൻ ജോ‍ർജ്ജിൻ്റെ വെളിപ്പെടുത്തലാണ് ആദ്യം പുറത്ത് വന്നത്. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേര് പറഞ്ഞിരുന്നില്ലെങ്കിലും റിനി പറഞ്ഞ യുവ രാഷ്ട്രീയ നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ആണെന്ന നിലയിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കര്‍ പറഞ്ഞത്.

ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ​ഗർഭഛിദ്രത്തിന് സമ്മർദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിൻ്റെ പ്രസക്ത ഭാഗം റിപ്പോർട്ടർ പുറത്ത് വിടുകയായിരുന്നു. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് റിപ്പോർട്ടർ പുറത്ത് വിട്ടത്. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോൾ ഡോക്ടറുടെ നിരീക്ഷണത്തിൽ തന്നെയാണ് എന്നാണ് രാഹുൽ പറഞ്ഞത്. എന്റെ തലയിൽ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടൻ ഡോക്ടർമാർ മരുന്ന് നൽകില്ലെന്നും എത്രനാൾ ഇത് മൂടിവെച്ച് താൻ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയിൽ വീർപ്പുമുട്ടുകയാണെന്നും താൻ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോൾ എങ്കിൽ നീ തന്നെ പ്രശ്നം തീർക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി.

വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന് ഒരു യുവതി റിപ്പോ‍ർ‌ട്ടർ‌ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. 'ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അതേ ദിവസം തന്നെ എനിക്ക് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് രാഹുല്‍ പറഞ്ഞു. മുന്നോട്ടേക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കല്യാണം കഴിച്ചാല്‍ അത് ബുദ്ധിമുട്ടാകും. എനിക്ക് അവൈലബിള്‍ ആയിരിക്കാന്‍ പറ്റില്ല. നമുക്ക് കുട്ടിയുണ്ടാകുകയാണെങ്കില്‍ ആ കുട്ടിയുടെ കൂടെ സമയം ചെലവഴിക്കാന്‍ പറ്റില്ല. അങ്ങനൊരു ബിസി ലൈഫാണ് എന്റേത്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. മാനസികമായി ബുദ്ധിമുട്ടുണ്ടായി' എന്നായിരുന്നു യുവതിയുടെ പ്രതികരണം.

യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.

Content Highlight; 'I am so broken, mentally and physically, is there anything left?'; Young woman shares her ordeal

To advertise here,contact us