ചാവക്കാട് : മദ്യം നൽകാത്തതിന് ബാർ ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാംപ്രതിക്ക് 12 വർഷം കഠിനതടവും 7000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ജെറീഷി(39)നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്.പ്രവർത്തനസമയം കഴിഞ്ഞ് ബാറിലെത്തി മദ്യം ചോദിച്ചപ്പോൾ നൽകാത്തതിന്റെ വിരോധത്താൽ ബാർ ജീവനക്കാരെ താമസസ്ഥലത്തുവെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
കുന്നംകുളം ആർസി പാർക്ക് ബാറിലെ ജീവനക്കാരായ കർണാടക കുടക് ചേലോത്തുവീട്ടിൽ വിജീഷ് (26) നെല്ലുവായ് പതിയാരം കോഴിക്കാട്ടിൽ വീട്ടിൽ ബാലു (50), മണ്ണാർക്കാട് പറമ്പിള്ളി പൊന്മാനാടിയിൽ വീട്ടിൽ വിജയൻ (48) എന്നിവരെയാണ് ജെറീഷിന്റെ നേതൃത്വത്തിൽ ഒൻപതു പേരടങ്ങുന്ന പ്രതികൾ മദ്യം നൽകാത്തതിന്റെ വിരോധത്താൽ ഇരുമ്പ് പൈപ്പ്, വാൾ എന്നിവ ഉപയോഗിച്ച് അടിച്ചും വെട്ടിയും പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
2016 ജൂലായ് മൂന്നിന് രാത്രി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാംപ്രതി സജി, മൂന്നാംപ്രതി സ്റ്റോമി, ആറാംപ്രതി സുധീർ എന്നിവർ ഒളിവിലാണ്. നാലാംപ്രതി സ്റ്റിൻസൺ, അഞ്ചാംപ്രതി ജീസൻ, ഏഴാംപ്രതി രോഹിത്, എട്ടാംപ്രതി വിജിൻ, ഒൻപതാം പ്രതി ജീവൻ എന്നിവരെ കോടതി നേരത്തേ ശിക്ഷിച്ചിരുന്നു. ജെറീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞുവരുന്നയാളും കുന്നംകുളം പൊലീസ് സ്റ്റേഷനിലെ റൗഡിപ്പട്ടികയിൽ പെട്ടയാളുമാണ്.കുന്നംകുളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന ടിപി ഫർഷാദ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ കെആർ രജിത്കുമാറാണ് ഹാജരായത്.
Content Highlight : First accused in attempted murder case of bar staff for not serving alcohol gets 12 years in prison