തിരുവനന്തപുരം: രാഹുല് മാങ്കൂട്ടത്തില് എംഎല്എയ്ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്കിയ സംഭവത്തില് പ്രതികരണവുമായി മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ മുരളീധരന്. പെണ്കുട്ടി നല്കിയ പരാതിക്ക് അനുസരിച്ച് ഇനി സര്ക്കാരിന് തീരുമാനമെടുക്കാമെന്നും തുടര്നടപടികള് നോക്കി ബാക്കി കാര്യങ്ങള് ചെയ്യാമെന്നും കെ മുരളീധരന് പറഞ്ഞു. എംഎല്എ സ്ഥാനം രാജിവെക്കാത്ത വേറെയും ആളുകള് അസംബ്ലിയിലുണ്ട്. കൂടുതല് നടപടികള് ഉണ്ടായാല് അതനുസരിച്ചായിരിക്കും പാര്ട്ടി തീരുമാനമെടുക്കുക. വി മുരളീധരൻ വ്യക്തമാക്കി.
'രാഹുല് മാങ്കൂട്ടത്തില് ഇപ്പോള് പാർട്ടിക്ക് പുറത്താണ്. സര്ക്കാരിന്റെ തുടര് നടപടികള്ക്കനുസരിച്ച് ബാക്കി കാര്യങ്ങള് പാര്ട്ടി തീരുമാനിക്കും. യുവതികളോട് പരാതി കൊടുക്കേണ്ട എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ? രാഹുല് എംഎല്എ സ്ഥാനം രാജിവെക്കുക എന്നതല്ല, എംഎല്എ സ്ഥാനം രാജിവെക്കാത്ത എത്ര ആളുകള് ഇപ്പോളും അസംബ്ലിയിലുണ്ട്. കുടുതല് കടുത്ത നടപടികളുണ്ടായാല് സാഹചര്യങ്ങള്ക്കനുസരിച്ച് എന്തുവേണമെന്ന് പാര്ട്ടി തീരുമാനിക്കും. പാര്ട്ടിയില് ഇതുവരെ ആശയക്കുഴപ്പമൊന്നുമില്ല. കെപിസിസിക്ക് അന്നും ഇന്നും ഒരേ നിലപാടാണ്.' കെ മുരളീധരന് പറഞ്ഞു.
'തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില് നിന്നും രാഹുല് സ്വാഭാവികമായും മാറേണ്ടി വരുമല്ലോ. കെപിസിസി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. പുറത്താക്കിയ അന്നുമുതല് ഇങ്ങോട്ട് രാഹുലിന്റെ കാര്യത്തില് പാര്ട്ടിക്ക് ഉത്തരവാദിത്വമില്ല.' കെ മുരളീധരന് കൂട്ടിച്ചേര്ത്തു.
അൽപ്പസമയം മുൻപാണ് യുവതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില് കണ്ടാണ് യുവതി പരാതി നല്കിയത്. ഭീഷണിപ്പെടുത്തി ഗര്ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില് പറയുന്നത്. രാഹുല് മാങ്കൂട്ടത്തില് എംഎല്എയില് നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്കിയത്. ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള് രാഹുല് മാങ്കൂട്ടത്തില് പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില് പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില് പറയൂ, അതല്ലാതെ എന്നോട് വന്ന് ചോദ്യങ്ങള് ചോദിക്കരുത് എന്നായിരുന്നു. 'ഹൂ കെയേഴ്സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങൾക്ക് വേണ്ട എന്നായിരുന്നു ധാർഷ്ട്യത്തോടെയുളള രാഹുലിന്റെ മറുപടി.
Content Highlight; Congress leader K. Muraleedharan has responded to the issue involving Rahul Mamkootathil