കാസര്കോട്: കാസര്കോട് ബൂത്ത് ലെവല് ഓഫീസറെ കയ്യേറ്റം ചെയ്തെന്ന് പരാതി. ദേലംപാടി പയറടുക്കയില് ബിഎല്ഒ പി അജിത്തിനെ പഞ്ചായത്ത് അംഗവും സിപിഐഎം പ്രവര്ത്തകനുമായ സുരേന്ദ്രന് കയ്യേറ്റം ചെയ്തെന്നാണ് പരാതി. ഇന്ന് രാവിലെ ക്യാമ്പ് നടക്കുന്നതിനിടെ ഫോം വിതരണവുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് കയ്യേറ്റം ചെയ്തെന്നാണ് പരാതിയില് പറയുന്നത്.
അതേസമയം എസ്ഐആര് ജോലി സമ്മര്ദത്തെ തുടര്ന്ന് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ബിഎല്ഒയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പൂഞ്ഞാര് മണ്ഡലത്തിലെ 110 ബൂത്തിലെ ബിഎല്ഒ ആന്റണിയാണ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ബൂത്തില് ഓഡിയോ പങ്കുവെച്ചത്. ഇടുക്കിയില് പോളിടെക്നിക് ജീവനക്കാരനാണ് ആന്റണി. എസ്ഐആര് ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്ദത്തിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേര്ന്ന് തങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണെന്നുമായിരുന്നു ആന്റണിയുടെ ആരോപണം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നതെന്നും ഈ അടിമപ്പണി ദവയുചെയ്ത് നിര്ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
കടുത്ത ജോലി സമ്മര്ദ്ദത്തിലാണ് ഇപ്പോഴും ബിഎല്ഒമാര് ജോലി ചെയ്യുന്നത്. എന്യൂമറേഷന് ഫോമുകള് ഉടന് തിരിച്ച് വാങ്ങണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്ദ്ദേശം നല്കിയിരിക്കുന്നത്. എന്നാല് ഫോം വിതരണം ചെയ്യാന് ബാക്കിയുള്ള വോട്ടര്മാരെ കണ്ടുപിടിക്കാനുള്ള ഓട്ടത്തിലാണ് ബിഎല്ഒമാര്. ഇതിനിടയില് ഫോം അപ്ലോഡ് ചെയ്യുന്ന ആപ്പ് ഇടയ്ക്കിടെ പണിമുടക്കുന്നതും തലവേദനയാണ്.
Content Highlights: Complaint alleging that CPIM assaulted a booth level officer in Kasargod