തിരുവനന്തപുരം: ശബരിമല സ്വര്ണ്ണക്കൊള്ളയില് ദേവസ്വം മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബുവിന് തിരിച്ചടി. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്സ് കോടതി തള്ളി.
2019-ലെ ദേവസ്വം ബോര്ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര് എന് വാസുവും കണ്ടിരുന്നുവെന്നും ആരും തിരുത്തിയില്ലെന്നും താന് ചെമ്പ് പാളികള് എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ലെന്നുമായിരുന്നു ബാബുവിന്റെ മൊഴി.
ചെമ്പുപാളിയിലാണ് സ്വര്ണം പൂശിയത്. കാലപ്പഴക്കത്താല് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. ആരെങ്കിലും തിരുത്തിയിരുന്നെങ്കില് സ്വര്ണം പൂശിയ പാളികള് എന്നെഴുതുമായിരുന്നു. സ്വര്ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നും മുരാരി ബാബു മൊഴി നല്കി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബുവിന്റെ നിര്ണായക മൊഴി.
അതേസമയം, സ്വര്ണപ്പാളികള് ഔദ്യോഗിക രേഖയില് ചെമ്പെന്ന് എഴുതിയത് മനഃപൂര്വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്വം തട്ടിപ്പുകള്ക്ക് കൂട്ടുനിന്നു. തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ഇതിനിടെ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടില് എസ്ഐടി മണിക്കൂറുകള് നീണ്ട പരിശോധന നടത്തിയിരുന്നു.
Content Highlights: Vigilance court rejects Murari Babu's bail plea in Sabarimala gold robbery case