ആരുടെ ബുദ്ധിയിൽ ഉദിച്ച മണ്ടൻ തീരുമാനമാണിത്? എസ്ഐആറിന് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല: വി ശിവൻകുട്ടി

ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)ത്തിന് വിദ്യാര്‍ത്ഥികളെ ഇറക്കണമെന്ന ആവശ്യത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കുട്ടികള്‍ക്ക് മുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അനുവദിക്കില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു. ആരുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ഈ മണ്ടന്‍ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു.

ഏതെങ്കിലും കുട്ടികള്‍ക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന് ആയിരിക്കും. ഒരു കാരണവശാലും വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും അത് ഉറപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. അതേസമയം ബിജെപി ഇടപെടല്‍ കൊണ്ടാണ് എസ്എസ്‌കെ ഫണ്ട് ലഭിക്കാത്തതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ലേബര്‍ കോഡ് വിഷയത്തിലും ശിവന്‍കുട്ടി പ്രതികരിച്ചു. 'കേരളം ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യമായ പങ്ക് ഉള്ളതാണ്. അതില്‍ കേന്ദ്രം ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചു. കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് 10 മണിക്ക് ലേബര്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കും', അദ്ദേഹം പറഞ്ഞു.

കരട് വിഞാപനം ഇറക്കിയത് സംബന്ധിച്ച് 2021 കാലഘട്ടത്തില്‍ ഒരു റീജിയണല്‍ യോഗം ചേര്‍ന്നിരുന്നുവെന്ന് ശിവന്‍കുട്ടി പറഞ്ഞു. അത് ഉദ്യോഗസ്ഥ തലത്തില്‍ ചേര്‍ന്ന യോഗം ആയിരുന്നു. അന്ന് റൂള്‍സ് ഉണ്ടാക്കിയെന്നും എന്നാല്‍ നടപ്പാക്കുന്നത് ചര്‍ച്ച ആയില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

എസ്‌ഐആര്‍ ജോലികള്‍ക്ക് വിദ്യാര്‍ത്ഥികളെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് കത്തയച്ചിരുന്നു. എന്യൂമറേഷന്‍ ഫോം ശേഖരിക്കാനും ഡിജിറ്റലൈസേഷനുമാണ് വിദ്യാര്‍ത്ഥികളെ ആവശ്യപ്പെട്ടത്. ഈ മാസം 30 വരെ എന്‍സിസി, എന്‍എസ്എസ് വളണ്ടിയര്‍മാരെ വേണമെന്നായിരുന്നു ആവശ്യം. ഇതിനെതിരെയാണ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്.

Content Highlights: V Sivankutty about School Children in SIR

To advertise here,contact us