പനമരത്ത് സിഎംപി സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്‌ലിം ലീഗ് വിമതനെ പിന്തുണച്ച് യുഡിഎഫ്

യുഡിഎഫ് മുന്നണിയില്‍പ്പെട്ട സിഎംപി സ്ഥാനാര്‍ത്ഥിക്കെതിരേ ലീഗ് വിമതനെ പിന്താങ്ങാനാണ് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്

കല്‍പ്പറ്റ: വയനാട് പനമരത്ത് സിഎംപി സ്ഥാനാര്‍ത്ഥിക്കെതിരെ മുസ്‌ലിം ലീഗ് വിമതനെ പിന്തുണച്ച് യുഡിഎഫ്. പനമരം ഗ്രാമപ്പഞ്ചായത്തിലെ 14ാം വാര്‍ഡ് ചുണ്ടക്കുന്നിലാണ് സംഭവം. യുഡിഎഫ് മുന്നണിയില്‍പ്പെട്ട സിഎംപി സ്ഥാനാര്‍ത്ഥിക്കെതിരേ ലീഗ് വിമതനെ പിന്താങ്ങാനാണ് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്.

ജില്ലാ നേതൃത്വം അനുവദിച്ച വാര്‍ഡില്‍ തീരുമാനം ധിക്കരിച്ച് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്ന് സിഎംപി ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ് പറഞ്ഞു. മുന്‍ പഞ്ചായത്തംഗം കൂടിയായ ലീഗ് വിമതന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയിരുന്നു. ചൊവ്വാഴ്ച നടന്ന യുഡിഎഫ് കണ്‍വെന്‍ഷനിലാണ് ഇദ്ദേഹത്തെ പൊതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

കണ്‍വെന്‍ഷന്‍ നടക്കുന്ന ഇടത്തേക്ക് സിഎംപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യം ഇവരെ പ്രവേശിപ്പിച്ചില്ല. പ്രതിഷേധത്തിന് ശേഷമാണ് സിഎംപി പ്രവര്‍ത്തകരെ കണ്‍വെന്‍ഷനിലേക്ക് പ്രവേശിപ്പിച്ചത്. എന്നാല്‍ സിഎംപിയെ പരിഗണിക്കാതെ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. 13ാം വാര്‍ഡായ പനമരം വെസ്റ്റില്‍ എല്‍ഡിഎഫിലും വിമതനുണ്ട്. സിപിഐക്ക് അനുവദിച്ച സീറ്റില്‍ സിപിഐഎം മുന്‍ ബ്രാഞ്ചംഗമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

Content Highlights: UDF supports Muslim League rebel against CMP candidate in Wayanad Panamaram

To advertise here,contact us