തിരുവനന്തപുരം: രാഹുല് വിഷയം ഇപ്പോള് കൊണ്ടുവരുന്നത് ശബരിമലയിലെ സ്വര്ണക്കൊള്ള കേസ് വഴി തിരിച്ച് വിടാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാന് ആവില്ലെന്നും കോണ്ഗ്രസ് എടുത്തത് മാതൃകാപരമായ നടപടിയാണെന്നും വി ഡി സതീശന് പറഞ്ഞു. ഇപ്പോള് വന്നത് പുതിയ വാര്ത്തയല്ല, പഴയതാണ്. ഇക്കാര്യത്തില് നടപടിയെടുത്തിട്ടുണ്ട്. ഏത് വിഷയത്തിന്റെ പേരിലാണെങ്കിലും ശബരിമല സ്വര്ണക്കൊള്ള മറച്ചുവെയ്ക്കാന് അനുവദിക്കില്ലെന്നും വി ഡി സതീശന് വ്യക്തമാക്കി. തെരഞ്ഞെടുപ്പായപ്പോള് രാഹുലിന്റെ വിഷയം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരികയാണ്. നടപടിയെടുത്ത വിഷയത്തില് വീണ്ടും നടപടിയെടുക്കുക എന്നത് അപ്രായോഗികമാണ്. കോണ്ഗ്രസ് എടുത്തത് മാതൃകാപരമായ തീരുമാനം. വി ഡി സതീശന് പറഞ്ഞു.
'ശബരിമല സ്വര്ണക്കൊള്ളയില് രണ്ട് പേര് അറസ്റ്റിലായിട്ടും സംഘടനാപരമായ നടപടിയെടുക്കാത്തത് ഇതിലും വലിയ നേതാക്കള്ക്ക് പങ്കുള്ളത് കൊണ്ടാണ്. പൊലീസ് വാഹനത്തിന് ബോംബെറിഞ്ഞ ആളാണ് സിപിഐഎമ്മിന്റെ സ്ഥാനാര്ത്ഥി. ഇങ്ങനെ നിലപാടെടുക്കുന്ന വേറൊരു പാര്ട്ടി ഉണ്ടാകുമോ?. കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ തെളിവുകള് കോടതിയില് ഹാജരാക്കും. ഈ കൊള്ളയ്ക്ക് കുടപിടിച്ചത് ദേവസ്വം ബോര്ഡ് മന്ത്രിയാണ്' വി ഡി സതീശന് വ്യക്തമാക്കി.
'പിഎം ശ്രീയിലേത് പോലെയാണ് ഇപ്പോള് ലേബര് കോഡിലും സര്ക്കാര് പ്രവര്ത്തിക്കുന്നത്. എല്ലാം തയ്യാറാക്കി വെച്ചിരിക്കുകയാണ്. കരട് വിജ്ഞാപനമടക്കം നേരത്തെ ഉണ്ടാക്കിവെച്ചതാണ്. ബിജെപിക്ക് അനുകൂലമായി നിലപാടെടുക്കുന്ന സര്ക്കാരാണിത്. ഒരു ഭാഗത്ത് കുറ്റം പറയുകയും മറുഭാഗത്ത് അനുകൂല നിലപാടെടുക്കുകയും ചെയ്യുന്നു. ഒരേ തോണിയില് യാത്ര ചെയ്യുന്നവരാണ് ബിജെപിയും ഇടതുപക്ഷവും. എന്നാല് ഒരുപാട് പാര്ട്ടികളുടെ കോണ്ഫെഡറേഷന് മാത്രമല്ല ഇന്നത്തെ യുഡിഎഫ്. അതിലും വിപുലമായ കൂട്ടായ്മയാണ് പാര്ട്ടി. വെല്ഫെയര് പാര്ട്ടിയുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ പാര്ലമെന്റ് തിരഞ്ഞെടുപ്പ് മുതല് അവര് പിന്തുണ നല്കുന്നു, അവരുടെ പിന്തുണ ഞങ്ങള് സ്വീകരിച്ചിട്ടുണ്ട്. ഞങ്ങളുടെ മുന്നണിയില് വെല്ഫെയര് പാര്ട്ടിയില്ല, ഘടകകക്ഷി അല്ല. ഒരുപാട് സാമൂഹിക കൂട്ടായ്മ കൂടി ചേരുന്നത് ആണ് യുഡിഎഫ്. നിരവധി കക്ഷികള് മുന്നണിയിലേക്ക് വരും. നിരവധി കക്ഷികള് അപേക്ഷ തന്നു.' വി ഡി സതീശന് പറഞ്ഞു.
Content Highlight; 'Rahul's issue is being pushed to divert the gold theft case'; VD Satheesan