തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല് മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊല്ലി കോണ്ഗ്രസില് കലഹം. രാഹുല് മാങ്കൂട്ടത്തില് കോണ്ഗ്രസ് വേദിയില് ഉണ്ടാകില്ലെന്ന് കെ മുരളീധരന് റിപ്പോര്ട്ടറിനോട് പറഞ്ഞു. തന്നെ വിജയിപ്പിച്ചവര്ക്ക് വേണ്ടി രാഹുല് പ്രചരണം നടത്തുന്നുണ്ടാകാമെന്നും കെ മുരളീധരന് അഭിപ്രായപ്പെട്ടു. രാഹുലിനെ ചൊല്ലി കോണ്ഗ്രസില് പല അഭിപ്രായങ്ങള് രൂപപ്പെടുന്നതിനിടെയാണ് കെ മുരളീധരന്റെ പ്രതികരണം.
'എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര് തെരഞ്ഞെടുപ്പില് മത്സരിക്കുമ്പോള് പ്രചാരണം നടത്താന് രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ ഇല്ലയോ എന്നത് ആ ഘടകങ്ങള് തീരുമാനിക്കും. കോണ്ഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന വേദിയില് അദ്ദേഹത്തിന് പ്രവേശനമില്ല. സ്ഥാനാര്ത്ഥിയോടുള്ള ഇഷ്ടം കാരണം പ്രചാരണം നടത്തുന്നവരുമുണ്ടല്ലോ. അങ്ങനെ കണ്ടാല് മതി', കെ മുരളീധരന് പറഞ്ഞു.
അതേസമയം രാഹുല് കോണ്ഗ്രസില് സജീവമാകണമെന്നും അദ്ദേഹം നിരപരാധിയാണെന്നുമായിരുന്നു കഴിഞ്ഞദിവസം കെ സുധാകരന് പറഞ്ഞതെങ്കില് രാഹുല് സസ്പെന്ഡ് ചെയ്യപ്പെട്ടയാളാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില് പങ്കെടുക്കുന്നുണ്ടെങ്കില് പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നുമാണ് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് പറഞ്ഞത്. രാഹുലിനെതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല് ആരോപണങ്ങളില് മൗനം പാലിക്കുന്ന നിലപാടായിരുന്നു കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന് സണ്ണി ജോസഫും സ്വീകരിച്ചത്.
യുവതിയെ ഗര്ഭംധരിക്കാനും ഗര്ഭച്ഛിദ്രത്തിനും നിര്ബന്ധിക്കുന്ന രാഹുല് മാങ്കൂട്ടത്തിലിന്റെ വാട്സാപ്പ് ചാറ്റും ശബ്ദസന്ദേശവും കഴിഞ്ഞദിവസം പുറത്തുവന്നതോടെ കോണ്ഗ്രസില് അതൃപ്തി പുകയുകയാണ്. രാഹുലിന് പാര്ട്ടിക്കുള്ളില് സംരക്ഷണം നല്കുന്നതിനെ ചൊല്ലിയാണ് അതൃപ്തി. അതിനിടെയാണ് രാഹുല് മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് സുധാകരന് രംഗത്തെത്തിയിരിക്കുന്നത്.
Content highlights: rahul mamkootathil not allowed on stage where Congress leaders are present said k muraleedhran