സമീപിച്ചതിൽ അധികവും കമിതാക്കൾ, ലൈവ് ലൊക്കേഷനും കോളും വരെ ചോർത്തി നൽകി; ഹാക്കിങ്ങിലെ സൂത്രധാരൻ പിടിയിൽ

പണം വാങ്ങി ആളുകളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്ത പത്തനംതിട്ട സ്വദേശി കേസിൽ നേരത്തെ പിടിയിലായിരുന്നു

പത്തനംതിട്ട: പണം വാങ്ങി കോൾ വിവരങ്ങളടക്കം ചോർത്തി നൽകിയെന്ന കേസിലെ മുഖ്യ സൂത്രധാരൻ ഉത്തർപ്രദേശ് സ്വദേശിയായ പൊലീസുകാരൻ പ്രവീൺ കുമാർ അറസ്റ്റിൽ. കേസിൽ പത്തനംതിട്ട സ്വദേശിയായ 23കാരൻ ജോയൽ വി ജോസിനെ നേരത്തെ സൈബർ പൊലീസ് പിടികൂടിയിരുന്നു. പിന്നാലെ ജോയലിന്റെ സുഹൃത്തും ഗുജറാത്ത് സ്വദേശിനിയുമായ 37കാരി ഹിരാൽ ബെൻഅനൂജ് പട്ടേലിനെ അഹമ്മദാബാദിലെത്തി പത്തനംതിട്ട സൈബർ പൊലീസ് പിടികൂടി. ഇവരിൽ നിന്നാണ് സൂത്രധാരനായ 37 കാരൻ പ്രവീൺ കുമാറിലേക്ക് പൊലീസ് എത്തിയത്.

ആളുകളുടെ ലൈവ് ലൊക്കേഷനുകളും ഫോൺ കോൾ രേഖകളും ജോയലിന് ചോർത്തി നൽകിയത് പ്രവീൺ കുമാറാണ്. ആരെക്കുറിച്ചുള്ള എന്ത് വിവരവും അവരുടെ ഫോണോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ ഹാക്ക് ചെയ്ത് ജോയൽ കണ്ടെത്തുമായിരുന്നു. പണം കൈപ്പറ്റിയാണ് ഇത്തരത്തിൽ വിരങ്ങൾ ഹാക്ക് ചെയ്തിരുന്നത്. ഇതിനായി യുപിയിലെ പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറായ പ്രവീൺ കുമാർ സഹായിച്ചു.

വ്യക്തികളുടെ സ്വകാര്യവിവരങ്ങളും മൊബൈൽ നമ്പറുകളും ലൈവ് ലൊക്കേഷനുകളും ഡാറ്റ റെക്കോർഡുകളും പ്രതികൾ ചോർത്തിയിരുന്നു. ഈ രീതിയിൽ ലക്ഷക്കണക്കിന് രൂപയാണ് സംഘം സമ്പാദിച്ചത്. വിവരം ചോർത്തുന്നതിനായി കമിതാക്കളാണ് കൂടുതലും ഇവരെ സമീപിച്ചതെന്നാണ് വിവരം.

Content Highlights: Pathanamthitta hacking case; up police officer arrested

To advertise here,contact us