സി എൻ വിജയകുമാരിക്ക് പുതിയ പദവി; പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ കോർട്ടിലേക്ക് നാമനിർദ്ദേശം ചെയ്തു

വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ വിജയകുമാരിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഡോ. സി എൻ വിജയകുമാരിക്ക് പുതിയ പദവി. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരമോന്നത സമിതിയായ കോർട്ടിലേയ്ക്കാണ് വിജയകുമാരിയെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതിയാണ് വിജയകുമാരിലെ നാമനിർദ്ദേശം ചെയ്തത്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു അധ്യാപികയെ കോർട്ടിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുന്നത്. നേരത്തെ വിദ്യാർത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വിജയകുമാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ സമരരംഗത്ത് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ രാഷ്ട്രപതി വിജയകുമാരിയെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ പരമോന്നത സമിതിയായ കോർട്ടിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത്.

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിക്ക് നേരെ സംസ്‌കൃതം വകുപ്പ് മേധാവിയായ സി എൻ വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി ഉയർ‌ന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിജയകുമാരിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതി-പട്ടികവർ​ഗ്​ഗ അതിക്രമം തടയൽ നിയമപ്രകാരമാണ് വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തത്.

പിഎച്ച്ഡി വിദ്യാർത്ഥിയായ വിപിൻ വിജയന് നേരെയാണ് വിജയകുമാരി ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി. എംഫിലിൽ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് നൽകിയെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാർത്ഥി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീകാര്യം പൊലീസ് വിജയകുമാരിക്കെതിരെ കേസെടുത്തിരിക്കുന്നത്.

'നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുമോ എന്ന് ചോദിച്ച വിദ്യാർത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. 2015ൽ വിപിൻ എംഫിൽ പഠിക്കുമ്പോൾ മുതൽ വിജയകുമാരിയായിരുന്നു ഗൈഡ്. അന്ന് മുതൽ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്‌ഐആറിൽ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാർ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാർത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാൻ വെള്ളം തളിക്കുമായിരുന്നെന്നും എഫ്‌ഐആറിൽ പരാമർശമുണ്ട്.

Content Highlights: New post for C N Vijayakumari Nominated to the court of Pondicherry Central University

To advertise here,contact us