തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെയും പൊലീസ് സേനയെയും അവഹേളിച്ചെന്ന പരാതിയിൽ യൂട്യൂബർ കെഎം ഷാജഹാനെതിരെ കേസെടുത്തു. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തിയെന്നും പൊലീസ് സേനയെ അവഹേളിച്ചെന്നുമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ശ്രീജിത്തിന്റെ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്ന ആരോപണമുന്നയിച്ചുകൊണ്ടാണ് ഷാജഹാൻ തന്റെ യൂട്യൂബ് അക്കൗണ്ടിൽ വീഡിയോകൾ പോസ്റ്റ് ചെയ്തത്. തുടർച്ചയായി ശ്രീജിത്തിനോടും സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവജ്ഞയും തോന്നുന്ന തരത്തിലാണ് വീഡിയോകൾ പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തി കലാപം സൃഷ്ടിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു നീക്കമെന്നും എഫ്ഐആറിലുണ്ട്. ഒക്ടോബർ 22 മുതൽ നവംബർ 23 വരെയുള്ള കാലയളവിൽ വിവിധ ദിവസങ്ങളിലായാണ് വീഡിയോകൾ പോസ്റ്റ് ചെയ്തത്
യൂട്യൂബ് ചാനലിലൂടെ സിപിഐഎം നേതാവ് കെ ജെ ഷൈനെതിരെ ഷാജഹാൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രണ്ട് കേസുകളുണ്ട്. ഇതിൽ കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തി കോടതി ജാമ്യത്തിൽ വിട്ടിരുന്നു.
Content Highlights: case against YouTuber KM Shahjahan for insulting ADGP S Sreejith