കാസര്കോട്: വിമതര്ക്കെതിരെ കാസര്കോട് ബിജെപിയില് നടപടി. ബെള്ളൂര് പഞ്ചായത്ത് വൈസ് പ്രസിഡൻ്റും മഹിളാമോര്ച്ച ജില്ലാ വൈസ് പ്രസിഡൻ്റുമായ കെ ഗീത, നരേന്ദ്ര ഗൗഡ എന്നിവരെ ബിജെപിയില് നിന്ന് പുറത്താക്കി. ബെള്ളൂര് പഞ്ചായത്തിലെ എട്ടാം വാര്ഡില് ബിജെപി വിമത സ്ഥാനാര്ത്ഥിയാണ് കെ ഗീത. നരേന്ദ്ര ഗൗഡ കാറഡുക്ക ബ്ലോക്കില് ബിജെപി വിമത സ്ഥാനാര്ത്ഥിയാണ്.
ഇതിനിടെ അടൂര് നഗരസഭയില് എല്ലാ വാര്ഡുകളിലും ബിജെപിക്ക് സ്ഥാനാര്ത്ഥികളില്ലാത്തതും ചർച്ചയായിരുന്നു. 29 വാര്ഡുകളാണ് അടൂര് നഗരസഭയിലുള്ളത്. ഇതില് എട്ട് വാര്ഡുകളില് സ്ഥാനാര്ത്ഥികളില്ല. 6,11,19,20,21,22,24,28 വാര്ഡുകളിലാണ് സ്ഥാനാര്ത്ഥികളില്ലാത്തത്.
ഇതില് ആറാം വാര്ഡില് സ്ഥാനാര്ത്ഥിയായെങ്കിലും പത്രിക നല്കാനെത്തിയപ്പോഴാണ് വോട്ടേഴ്സ് ലിസ്റ്റില് പേരില്ലെന്ന് അറിയുന്നത്. ഇതോടെ സ്ഥാനാര്ത്ഥി പത്രിക നല്കാനാകാതെ പിന് വാങ്ങുകയായിരുന്നു. കഴിഞ്ഞ തവണ ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച അടൂര് ടൗണ് 24-ാം വാര്ഡില് ഇത്തവണ ബിജെപി സ്ഥാനാര്ത്ഥിയെ നിര്ത്തിയില്ല. 245 വോട്ടാണ് ബിജെപി അന്ന് നേടിയത്.
Content Highlight; Action initiated against dissident members within the Kasargod BJP