കോഴിക്കോട്: യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിനെതിരെ തുറന്നടിച്ച് എ പി വിഭാഗം സമസ്ത. ജമാഅത്തെ ഇസ്ലാമി മതേതരമല്ലെന്നും മതരാഷ്ട്രവാദവും മതേതരത്വവും ഒന്നിച്ചുപോകില്ലെന്നും സിറാജ് ദിനപത്രത്തിലെ ലേഖനത്തിൽ എസ്വൈഎസ് എ പി വിഭാഗം ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു.
'ജമാഅത്തെ ഇസ്ലാമിയെ ശുദ്ധികലശം ചെയ്ത് മുന്നണിയിൽ എത്തിച്ചിരിക്കയാണ് യുഡിഎഫിലെ ചില നേതാക്കൾ. രണ്ട് ന്യായങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഈ മുന്നണി പ്രവേശം സാധ്യമാക്കിയത്. ഒന്ന്, ഞങ്ങൾ ജമാഅത്തെ ഇസ്ലാമിയുമായിട്ടല്ല സഖ്യം ഉണ്ടാക്കിയത്, വെൽഫെയർ പാർട്ടിയുമായാണ് എന്നതാണ്. ഈ വാദം ഞങ്ങൾക്ക് ആർഎസ്എസുമായി ബന്ധമില്ല, ബിജെപിയുമായാണ് സഖ്യമുള്ളത് എന്ന് പറയും പോലെയാണ്. ഈ ന്യായം കണ്ണടച്ച് ഇരുട്ടാക്കലാണ്' എന്ന് ലേഖനത്തിൽ പറയുന്നു.
മൗദൂദിയുടെ ആശയങ്ങൾ ജമാഅത്തെ ഇസ്ലാമി ഉപേക്ഷിച്ചിട്ടില്ല. ജനാധിപത്യവും മതേതരത്വവും മതവിരുദ്ധമാണെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു. വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും രണ്ടല്ല. ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിന്റെ ദുരന്തം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒതുങ്ങില്ലെന്നും ലേഖനത്തിലുണ്ട്.
താൽകാലിക രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി രാഷ്ട്രീയപാർട്ടികൾ നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ട് രാജ്യത്തിനേൽപ്പിക്കുന്ന പരുക്ക് പരിഹരിക്കാനാകാത്തതായിരിക്കും. ഒപ്പം ചില പാർട്ടികൾ അപ്രസക്തമാകാൻ പോലും ഇത് കാരണമാകും. ജമാഅത്തെ ഇസ്ലാമിയുടെ കൈവശമുള്ള മാധ്യമങ്ങളുടെ ശക്തിയിൽ അമിതമായി വിശ്വസിച്ച് ചിലർ പ്രതീക്ഷിക്കുന്ന ലാഭം, ഇന്നുവരെ ഏറെ വിട്ടുവീഴ്ചകൾ ചെയ്ത് സംരക്ഷിച്ചുപോന്ന അവരുടെ മതേതരമുഖം പോലും നഷ്ടപ്പെടാൻ കാരണമാകും, ലേഖനത്തിൽ പറയുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്ര സങ്കൽപവും മതേതര രാഷ്ട്രീയവും ഓരേ പാത്രത്തിൽ വേവുമെന്ന് തോന്നുന്നില്ല. മുസ്ലിംകളെ രാഷ്ട്രവിരുദ്ധരാക്കി മുദ്ര കുത്താനും അവരെ അപരവത്കരിച്ച് പിന്നോട്ടടിപ്പിക്കാനും കാരണമായ മതരാഷ്ട്രവാദം ജമാഅത്തെ ഇസ്ലാമി ഉപേക്ഷിക്കുന്നുവെങ്കിൽ അതിൽ ഏറ്റവും സന്തോഷിക്കുന്നത് മുസ്ലിംകൾ തന്നെയായിരിക്കും. കാരണം തുടക്കം മുതൽ ഈ നിലപാടിന്റെ അപകടത്തെ കുറിച്ച് ബോധവത്കരണം നടത്തി വരികയാണ് ഇവിടുത്തെ മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിംകളെന്നും റഹ്മത്തുള്ള സഖാഫി പറയുന്നുണ്ട്.
Content Highlights: siraj daily article openly attacks UDF-Jamaat e Islami alliance