രാഹുലിനെതിരായ ആരോപണം: പ്രതികരിക്കാനില്ല, ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ട്; ഷാഫി പറമ്പില്‍

ശബരിമലയില്‍ വലിയ അഴിമതി നടത്തിയ കുറ്റക്കാരായ ആളുകളെ അവരുടെ പാര്‍ട്ടി സംരക്ഷിക്കുന്നു

കോഴിക്കോട്: മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പുതിയ ആരോപണത്തില്‍ പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുല്‍ വിഷയത്തില്‍ പ്രതികരണത്തിനില്ലെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങള്‍ പാര്‍ട്ടി ചെയ്തിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

'ഇനിയും എന്തെങ്കിലും ചെയ്യണമെങ്കില്‍ പാര്‍ട്ടി ചെയ്യും. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തരും. ശബരിമല ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവിടെ നില്‍ക്കുന്നുണ്ട്. പത്മകുമാര്‍ എന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെ പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ. ശബരിമലയില്‍ വലിയ അഴിമതി നടത്തിയ കുറ്റക്കാരായ ആളുകളെ അവരുടെ പാര്‍ട്ടി സംരക്ഷിക്കുന്നു. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സംഘടനാപരമായ നടപടിയെടുത്തിട്ടുണ്ട്', ഷാഫി പറമ്പില്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരമാവധി സ്ഥാനാര്‍ത്ഥികളെ താഴെത്തട്ടില്‍ നിന്ന് തീരുമാനിച്ചു. വാര്‍ഡ് കമ്മിറ്റികള്‍ തീരുമാനിച്ച സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ കെപിസിസിക്ക് ഇടപെടേണ്ടി വന്നിട്ടുള്ളുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്. രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ സംരക്ഷണം നല്‍കുന്നതിനെ ചൊല്ലിയാണ് അതൃപ്തി. രാഹുലിന് എതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല്‍ ആരോപണങ്ങളില്‍ മൗനം പാലിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും.

രാഹുലിനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. രാഹുല്‍ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നുവെന്നും പാര്‍ട്ടി പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് രാഹുലിനെ എതിര്‍ക്കുന്നവരുടെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡാണ് വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്.

Content Highlights: Shafi Parambil about new allegation against Rahul Mamkootathil

To advertise here,contact us