കടമക്കുടിയില്‍ യുഡിഎഫിന് തിരിച്ചടി; എല്‍സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല

രണ്ടുദിവസം മുന്‍പാണ് എല്‍സി ജോര്‍ജിന്റെ പത്രിക വരണാധികാരി തളളിയത്

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എല്‍സി ജോര്‍ജിന്റെ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ എല്‍ജി ജോര്‍ജ് നല്‍കിയ ഹര്‍ജിയാണ് ഇടപെടാന്‍ കോടതി വിസമ്മതിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. അനുയോജ്യമായ അവസരത്തില്‍ തെരഞ്ഞെടുപ്പ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

രണ്ടുദിവസം മുന്‍പാണ് എല്‍സി ജോര്‍ജിന്റെ പത്രിക വരണാധികാരി തളളിയത്. എല്‍സിക്ക് പിന്തുണ നല്‍കിയത് കടമക്കുടി ഡിവിഷന് പുറത്ത് നിന്നുളള ആളായതിനാലായിരുന്നു പത്രിക തളളിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ഉദ്ദേശത്തോടെ ഇടപെട്ടുവെന്ന് ആരോപിച്ചാണ് എല്‍സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ സ്വന്തം ഡിവിഷനിലെ വോട്ടര്‍ തന്നെ പിന്തുണക്കണം എന്ന് അറിയേണ്ടതാണെന്നും നാമിനേഷന്‍ നടപടികളെ സംബന്ധിച്ച പ്രാഥമികമായ ധാരണ വേണമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് എല്‍സി ജോര്‍ജ്. യുഡിഎഫിന്റെ ഉറച്ച ഡിവിഷനെന്ന് കരുതപ്പെടുന്ന ഒന്നാണ് കടമക്കുടി. പത്രിക തളളിയത് മൂലം ഒരു ഡിവിഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണ് യുഡിഎഫിന് ഉണ്ടായിരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ത്ഥിയായി ആരും പത്രിക നല്‍കാത്തതിനാല്‍ തന്നെ നിലവില്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്ത അവസ്ഥയിലാണ് യുഡിഎഫ്.

Content Highlights: local body election High Court did not consider elsie george Petition

To advertise here,contact us