കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില് സ്വന്തം ചിഹ്നത്തില് ഏറ്റവും കൂടുതല് സ്ഥാനാര്ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപിയാണെന്ന് പാര്ട്ടി സംസ്ഥാന ജനറല് സെക്രട്ടറി എം ടി രമേശ്. കേരളത്തിലെ 23,000 വാര്ഡുകളിലും മത്സരിക്കാനുള്ള തീവ്രമായ ശ്രമമാണ് നടത്തിയത്. അത് വലിയ അളവില് വിജയിക്കുകയും ചെയ്തുവെന്നും എം ടി രമേശ് പറഞ്ഞു.
'സൂഷ്മ പരിശോധനയ്ക്ക് ശേഷം 19,500 സ്ഥാനാര്ത്ഥികള് കേരളത്തില് താമര ചിഹ്നത്തില് മത്സരിക്കുന്നുണ്ട്. ഘടകകക്ഷികളും ഞങ്ങള് പിന്തുണയ്ക്കുന്ന സ്വതന്ത്രരും ഉള്പ്പെടെ 1,500ല് താഴെവരും. 21,000 സീറ്റില് സ്ഥാനാര്ത്ഥികളെ നിര്ത്താന് സാധിച്ചിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ച് അത് റെക്കോര്ഡ് വളര്ച്ചയാണ്. നിര്ത്താന് പറ്റുന്നതിന്റെ പരമാവധിയാണ്. സ്വന്തം ചിഹ്നത്തില് ഏറ്റവും സ്ഥാനാര്ത്ഥികളെ മത്സരിപ്പിക്കുന്ന പാര്ട്ടി ബിജെപിയാണ്', എം ടി രമേശ് റിപ്പോര്ട്ടറിനോട് പറഞ്ഞു.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മുഴുവന് വാര്ഡുകളിലും സ്ഥാനാര്ത്ഥികളെ നിര്ത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല് അത് കൈവരിക്കാന് ബിജെപിക്ക് സാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം. മലപ്പുറം, കണ്ണൂര് ജില്ലകളിലാണ് ഏറ്റവും കുറവ് സ്ഥാനാര്ത്ഥികളെ നിര്ത്തിയിരിക്കുന്നത്. ഇതിന് പുറമേ കോഴിക്കോട്, എറണാകുളം ജില്ലകളിലും ബിജെപി സ്ഥാനാര്ത്ഥികളുടെ എണ്ണത്തില് കുറവുണ്ട്.
ബിജെപിക്ക് സ്വാധീനമുളള എല്ലായിടങ്ങളിലും സ്ഥാനാര്ത്ഥിയെ നിര്ത്തിയിട്ടുണ്ടെന്ന് ബിജെപി മുന് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്, എറണാകുളം തുടങ്ങിയ ജില്ലകളില് ചില വാര്ഡുകളില് സ്ഥാനാര്ത്ഥികളെ നിര്ത്താന് കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല് സീറ്റുകളില് മത്സരിക്കുന്ന ഒറ്റക്കക്ഷി ബിജെപിയാണെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
Content Highlights: Local Body election BJP is fielding the most candidates under its own symbol Said M T Ramesh