സ്വവർഗാനുരാഗികളുടെ ഡേറ്റിങ്ആപ്പിലൂടെ പരിചയം,വീട്ടിലെത്തി കിടപ്പുമുറിയിൽ പൂട്ടിയിട്ട് ക്യുആർ കോഡ് വഴി പണം തട്ടി

വടക്കൻ പറവൂരിലെ കോട്ടുവള്ളി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്

എറണാകുളം: കൊച്ചിയിൽ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടവർ യുവാവിനെ പൂട്ടിയിട്ട് പണം കവർന്നു. വടക്കൻ പറവൂരിലാണ് സംഭവം. കോട്ടുവള്ളി സ്വദേശിയായ യുവാവാണ് സ്വന്തം വീട്ടിൽ കവർച്ചയ്ക്ക് ഇരയായത്. ഞായറാഴ്ചയായിരുന്നു സംഭവം.

സ്വവർഗാനുരാഗികളുടെ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടവരാണ് യുവാവിനെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നത്. 20000 രൂപ നഷ്ടമായതായാണ് പരാതി. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് മറ്റൊരു സുഹൃത്തിനെ കൂടെക്കൂട്ടിയാണ് പരാതിക്കാരന്റെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് എത്തിയത്. ഇരുവരും ചേർന്ന് പരാതിക്കാരനെ കിടപ്പുമുറിയിൽ പൂട്ടിയിട്ട് കത്തികാണിച്ച് ഭീഷണിപ്പെടുത്തി.

പരാതിക്കാരന്റെ കയ്യിൽ വിലപിടിപ്പുള്ള ഒന്നും ഇല്ലെന്ന് കണ്ടതോടെ ഇവർ പണം ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരനിൽനിന്ന് പേമെന്റ് ആപ്പ് വഴി ക്യുആർ കോഡ് സ്‌കാൻ ചെയ്യിപ്പിച്ച് പതിനായിരം രൂപ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി. ശേഷം പരാതിക്കാരന്റെ പിതാവിൽനിന്ന് പതിനായിരം രൂപ വാങ്ങാൻ ആവശ്യപ്പെട്ടു. അച്ഛന്റെ അക്കൗണ്ടിൽനിന്ന് പരാതിക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് പതിനായിരം രൂപ അയച്ചു. ഈ തുകയും കൃുആർ കോഡ് സ്‌കാൻ ചെയ്ത് പ്രതികൾ തട്ടിയെടുത്തു. കവർച്ചയ്ക്ക് പിന്നാലെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Content Highlights: dating app fraud robbery at kochi

To advertise here,contact us