പാലക്കാട്: അട്ടപ്പാടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഐഎം ഏരിയ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. അഗളി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നും ഒഴിവാക്കി. അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിനെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും സിപിഐഎം മാറ്റിയത്.
അഗളി പഞ്ചായത്തിലെ 18ാം വാർഡ് ഒമ്മലയിൽ മത്സരിക്കുന്ന വി ആർ രാമകൃഷ്ണനെയാണ് ജംഷീർ ഭീഷണിപ്പെടുത്തിയത്. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എന്നാൽ പിന്മാറില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു രാമകൃഷ്ണൻ. സംഭവത്തിൽ വി ആർ രാമകൃഷ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. പാർട്ടിയിൽ വി എസ് അച്യുതാനന്ദനെ അനുകൂലിക്കുന്ന ആളായിരുന്നു രാമകൃഷ്ണൻ. ഏഴ് വർഷം മുൻപ് പാർട്ടിയിൽനിന്ന് അച്ചടക്ക നടപടിയും നേരിട്ടിരുന്നു.
Content Highlights: CPIM taken Action in case of threat to rebel candidate in Attappadi