പാലക്കാട് ഏഴ് പഞ്ചായത്തുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും

മണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനൊന്ന് വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. മണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, പതിനൊന്ന് വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തിലാണ് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. 12-ാം വാര്‍ഡില്‍ സ്വതന്ത്ര ചിഹ്നത്തിലും മത്സരിക്കും. ഈ വാര്‍ഡില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഐ തനിച്ച് മത്സരിച്ചിരുന്നു.

ആലത്തൂര്‍ താലൂക്കിലെ മേലാര്‍കോട് പഞ്ചായത്തില്‍ 18-ാം വാര്‍ഡായ കാത്താംപൊറ്റയില്‍ സിപിഐ സ്ഥാനാര്‍ത്ഥി എസ് ഷൗക്കത്തലി മത്സരിക്കും. ഇവിടെ സിപിഐഎം ചിറ്റിലഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗം എ ജ്യോതികൃഷ്ണനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 12-ാം വാര്‍ഡില്‍ മുന്‍ കോണ്‍ഗ്രസ് അംഗം ആര്‍ ഷൈജുവിന് സിപിഐ പിന്തുണ നല്‍കുന്നുമുണ്ട്. നല്ലേപ്പിളളി പഞ്ചായത്തിലെ ഒരു വാര്‍ഡിലും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും സിപിഐ സ്ഥാനാര്‍ത്ഥികളുണ്ട്.

ആനക്കര പഞ്ചായത്തില്‍ 13-ാം വാര്‍ഡില്‍ ശാന്ത ചോലയില്‍, പതിനാലാം വാര്‍ഡില്‍ എം ഷീബ എന്നിവര്‍ മുന്നണിക്ക് പുറത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്രരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. ചാലിശേരി പഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ സിപിഐ തനിച്ചാണ് മത്സരിക്കുന്നത്. തിരുമിറ്റക്കോട്ട് പതിനാലാം വാര്‍ഡില്‍ സിപിഐ ലോക്കല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.

Content Highlights: CPI to contest alone in seven panchayats in Palakkad

To advertise here,contact us