കോഴിക്കോട്: ഡമ്മി സ്ഥാനാർത്ഥിയായി നാമനിർദേശപത്രിക നൽകിയിരുന്ന കോൺഗ്രസ് നേതാവിനെ സാമൂഹികമാധ്യമങ്ങളിൽ റിബൽ സ്ഥാനാർത്ഥിയെന്ന് അധിക്ഷേപിച്ചതായി പരാതി. പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം. പെരുമണ്ണ റൂറൽ ഹൗസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ നാസർ കൊമ്മനാരിയാണ് പരാതിക്കാരൻ.
പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ 14ാം വാർഡിലെ സ്ഥിരതാമസക്കാരനാണ് നാസർ. ഇദ്ദേഹം രണ്ടാംവാർഡിലെ യുഡിഎഫിന്റെ ഡമ്മി സ്ഥാനാർഥിയായിരുന്നു. എന്നാൽ രണ്ടാംവാർഡിൽ യുഡിഎഫിന് റിബൽ സ്ഥാനാർത്ഥിയെന്നപേരിൽ നാസറിന്റെ ഫോട്ടോവെച്ച് പോസ്റ്റർ തയ്യാറാക്കി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ നാസർ തിങ്കളാഴ്ച നാമനിർദേശപത്രിക പിൻവലിച്ചു. തന്നെ റിബൽ സ്ഥാനാർത്ഥിയെന്ന് വിളിച്ചത് സിപിഐഎമ്മാണെന്നാണ് നാസറിന്റെ ആരോപണം. വിഷയത്തിൽ കോഴിക്കോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാസർ.
യുഡിഎഫ് തീരുമാനപ്രകാരം നാമനിർദേശപത്രിക സമർപ്പിച്ചവരെ റിബൽ സ്ഥാനാർഥികളെന്ന് ആരോപിച്ച് പ്രചാരണം നടത്തുന്നത് പരാജയഭീതിമൂലമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ പറഞ്ഞു. യുഡിഎഫ് നിർദേശപ്രകാരമാണ് നാസർ നാമനിർദേശപത്രിക സമർപ്പിച്ചിട്ടുള്ളതെന്നും പെരുമണ്ണ പഞ്ചായത്തിലെ 22 വാർഡിലെയും ഡമ്മി സ്ഥാനാർഥികൾ അവരവരുടെ പത്രികകൾ പിൻവലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: complaint filed Congress leader who had filed his nomination as a dummy candidate was insulted on social media as a rebel candidate